തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തിൽ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിന്റെ (വി.ജി.എഫ്.) യുക്തിയെ തന്നെ കേന്ദ്രം നിരാകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾ നൽകിയ തുക സംസ്ഥാനസർക്കാരിന് നൽകിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാനസർക്കാരിന്റെ തലയിൽ കെട്ടിവെക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Follow the FOURTH PILLAR LIVE channel on WhatsApp
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാനുദ്ദേശിക്കുന്ന വി.ജി.എഫ്. പല മടങ്ങായി തിരിച്ചടച്ചേ തീരുവെന്ന് കേന്ദ്ര സർക്കാർ വീണ്ടും അറിയിച്ചിരിക്കുകയാണ്. വി.ജി.എഫുമായി ബന്ധപ്പെട്ടെടുത്ത തീരുമാനം പിൻവലിക്കണമെന്ന് അഭ്യർഥിച്ച് നൽകിയ കത്തിന് മറുപടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അയച്ച കത്തിലാണ് ഇതുള്ളത്. നാളിതുവരെ വി.ജി.എഫ്. ഗ്രാന്റിന്റെ കാര്യത്തിൽ പുലർത്തിവന്ന നയമുണ്ട്. ആ നയത്തിൽ നിന്നുള്ള വ്യതിയാനമാണ് ഈ തീരുമാനം. വി.ജി.എഫ്. വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡമനുസരിച്ച് അത് ഒറ്റത്തവണ ഗ്രാന്റായാണ് നൽകുന്നത്. വായ്പയായി പരിഗണിക്കേണ്ടതല്ല. വി.ജി.എഫ്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായി നൽകാൻ തീരുമാനിച്ചതാണ്. കേന്ദ്രവിഹിതം 817 കോടി 80 ലക്ഷം രൂപയാണ്. സംസ്ഥാനത്തിന്റെ വിഹിതം 817 കോടി 20 ലക്ഷം രൂപയാണ്. ഈ വിഹിതം സംസ്ഥാനം നേരിട്ട് അദാനി പോർട്ട് കമ്പനിയ്ക്ക് നൽകും -മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം നൽകുന്ന തുക വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയ്ക്ക് ലാഭവിഹിതം ലഭിച്ചു തുടങ്ങുമ്പോൾ അതിന്റെ 20 ശതമാനം വെച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ നൽകണമെന്നതാണ് വ്യവസ്ഥ. ഇക്കണക്കനുസരിച്ച് 10,000-12,000 കോടി രൂപയായി കേന്ദ്രത്തിന് തിരിച്ചടയ്ക്കണം. തങ്ങൾ നൽകിയ തുക സംസ്ഥാന സർക്കാരിന് നൽകിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവെക്കുകയുമാണ് ചെയ്യുന്നത്. ഇത് വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിന്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണ്. വി.ജി.എഫ്. ലഭ്യമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കുന്നത് കേന്ദ്ര സർക്കാരും അദാനി കമ്പനിയും തുക നൽകുന്ന ബാങ്കും തമ്മിലാണ്. എന്നാൽ, തിരിച്ചടയ്ക്കാനുള്ള കരാർ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ വേണമെന്നാണ് വിചിത്രമായ നിബന്ധന -പിണറായി ചൂണ്ടിക്കാട്ടി.
രാജ്യത്തിനാകെ ഗുണകരമായ ഒരു പദ്ധതിക്കായി സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമ്പോഴാണ് സംസ്ഥാനത്തിനുമേൽ കേന്ദ്രം അമിതഭാരം അടിച്ചേൽപ്പിക്കുന്നത്. ഈ വിഷയത്തിലാണ് മുഖ്യമന്ത്രി എന്ന നിലയിൽ കേന്ദ്ര ധനമന്ത്രിയ്ക്ക് കത്തെഴുതിയത്. ഇതിനു മറുപടിയായാണ് കേന്ദ്രം അനുവദിക്കുന്നത് ഗ്രാന്റല്ല വായ്പയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വി.ജി.എഫ്. അനുവദിച്ച ഒറ്റ ഫണ്ടിനുപോലും തിരിച്ചടവ് നിബന്ധന നാളിതുവരെ കേന്ദ്ര സർക്കാർ വെച്ചിരുന്നില്ല. കൊച്ചി മെട്രോയ്ക്ക് വേണ്ടി നൽകിയ തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കേരളത്തിന് മാത്രമായി തയ്യാറാക്കിയ പുതിയ മാനദണ്ഡം വി.ജി.എഫിന്റെ തന്നെ സ്റ്റാൻഡേഡ് ഗൈഡ്ലൈനിന് വിരുദ്ധമാണ്. കേരളവും വിഴിഞ്ഞത്തിനായി വി.ജി.എഫ്. ഗ്രാന്റ് നൽകുന്നുണ്ട്. കേരളം ഗ്രാന്റ് നൽകുന്നത് വിഴിഞ്ഞത്തിന്റെ വികസനത്തിനാണ്. തിരിച്ചു ലഭിക്കേണ്ടാത്ത തുകയായി തന്നെയാണ് സംസ്ഥാനത്തിന്റെ വി.ജി.എഫ്. വിഹിതത്തെ കേരളം കാണുന്നതും. എന്നാൽ കേന്ദ്രത്തിന്റെ വി.ജി.എഫ്. വിഹിതത്തിൽ ലാഭവിഹിതം വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.