Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിന്റെ കാര്യത്തിൽ ജനങ്ങളെയും പാർലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് അമിത്ഷാ നടത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ മുണ്ടക്കൈയിലൂം ചൂരൽമലയിലും ഉണ്ടായ ദുരന്തം വിവാദമാക്കി സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അത് ഖേദകരമാണ്. വിശദമായ റിപ്പോർട്ട് കേരളം നൽകാത്തതുകൊണ്ടാണ് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്നാണ് അമിത് ഷാ പറഞ്ഞത്. ഇതു വസ്തുതാവിരുദ്ധമാണ്. ഇതിൽ നാടിന്റെ പ്രതിഷേധം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂലൈ 30 പുലർച്ചെയാണ് ദുരന്തം സംഭവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കേന്ദ്ര സംഘം ഇവിടെയെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി ആദ്യമായല്ല വയനാട് വിഷയത്തിൽ പാർലമെന്റിനെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥ റിപ്പോർട്ട് വ്യാജമായി ഉദ്ധരിച്ച് പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ മുമ്പ് അദ്ദേഹം ശ്രമിച്ചു. ‘കേന്ദ്രം ഉരുൾപ്പൊട്ടലിനെ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. അന്നിട്ട് കേരളം എന്ത് ചെയ്തു’ ഈ ചോദ്യമാണ് അദ്ദേഹം നേരത്തെ ഉന്നയിച്ചത്. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് തെളിവുസഹിതം വ്യക്തമാക്കപ്പെട്ടു. ഇതിന്റെ ആവർത്തനമാണ് കഴിഞ്ഞ ദിവസത്തെ പാർലമെന്റിലെ പ്രസ്താവന.
ഓഗസ്റ്റ് 10നാണ് പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. കേന്ദ്ര സംഘത്തിന് മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ ആ ഘട്ടത്തിൽതന്നെ കൃത്യമായി അവതരിപ്പിച്ചിരുന്നു. ഒട്ടും വൈകാതെ ഓഗസ്റ്റ് 17ന് ദുരന്തത്തിലുണ്ടായ നഷ്ടവും എൻ.ഡി.ആർ.എഫ്. മാനദണ്ഡങ്ങൾക്കനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനം തിരിച്ച് തയാറാക്കി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിവേദനം നൽകി. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടിയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം നൂറു ദിവസത്തിലധികമായി. നിവേദനം സമർപ്പിച്ചിട്ട് മൂന്നു മാസത്തിലധികമായി. കേന്ദ്രസംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയിൽ മറ്റു പല സംസ്ഥാനങ്ങൾക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നൽകിയിട്ടുണ്ട്. എന്നിട്ടും കേരളത്തിന് പ്രത്യേക ധനസഹായമായി ഒരു രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ നൽകിയ മെമ്മോറാണ്ടത്തിന് പുറമേ, പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്‌മെന്റ് നടത്തുകയും വിശദമായ റിപ്പോർട്ട് നവംബർ 13ന് കേന്ദ്ര സർക്കാരിന് നൽകുകയും ചെയ്തു. മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.10 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ റിപ്പോർട്ട് വൈകിയതു കൊണ്ടാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തതെന്ന വിചിത്രവാദമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് മറുപടിയായി പറഞ്ഞിരിക്കുന്നത്. ഇത് ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2023 ഒക്‌ടോബറില്‍ സിക്കിമിലും 2023 ജനുവരിയില്‍ ഉത്തരാഖണ്ഡിലും 2023 ജൂലൈയില്‍ ഹിമാചലിലും ദുരന്തം ഉണ്ടായപ്പോള്‍ പി.ഡി.എന്‍.എ. തയാറാക്കിയത് മൂന്നു മാസം കഴിഞ്ഞാണ്. സമര്‍പ്പിച്ച മെമ്മോറാണ്ട പ്രകാരം അടിയന്തര സഹായം നല്‍കിയില്ല എന്നതാണ് കേരളം ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. ആ ആക്ഷേപത്തെ മറികടക്കാനാണ് പി.ഡി.എന്‍.എ. സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്ന വാദം കേന്ദ്രം ഉന്നയിക്കുന്നത്. പി.ഡി.എന്‍.എയില്‍നിന്ന് പുനര്‍നിര്‍മാണ ഫണ്ടാണ് കേരളം ആവശ്യപ്പെടുന്നത്. ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വയനാടിന്റെ അത്ര തീവ്രത ഇല്ലാത്ത ദുരന്തം ഉണ്ടായപ്പോള്‍ വളരെ വേഗത്തിലാണ് സഹായം ലഭ്യമാക്കിയത്. അതേ കേന്ദ്രസര്‍ക്കാരാണ് കേരളത്തോട് അവഗണന കാണിക്കുന്നത്.
കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പ്രധാനമായും 3 കാര്യങ്ങളാണ് കേരളം ആവശ്യപ്പെട്ടത്. വയനാട് ദുരന്തത്തെ തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇത്തരത്തില്‍ പ്രഖ്യാപിച്ചാല്‍ വിവിധ രാജ്യാന്തര സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍ തുക കണ്ടെത്താന്‍ ശ്രമിക്കാം. ദുരന്തബാധിതരുടെ കടം എഴുതിത്തളളണമെന്നും ആവശ്യപ്പെട്ടു. അടിയന്തരസഹായം അനുവദിക്കണമെന്നതായിരുന്നു മൂന്നാമത്തെ ആവശ്യം. ഈ മൂന്ന് ആവശ്യങ്ങളോടും കേന്ദ്രം അനുകൂലമായി പ്രതികരിച്ചില്ല -മുഖ്യമന്ത്രി പറഞ്ഞു.
























