തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കു നികുതിവിഹിതം വിതരണം ചെയ്യുന്നത് കൂടുതൽ നിതിയുക്തമാവണമെന്ന ആവശ്യവുമായി കേരളം ധനകാര്യ കമ്മീഷനു മുന്നിലെത്തും. ഞായറാഴ്ച പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനും അംഗങ്ങളും കേരളത്തിലെത്തുമ്പോഴാണ് സർക്കാർ ഈ ആവശ്യം മുന്നോട്ടു വെയ്ക്കുക.
Follow the FOURTH PILLAR LIVE channel on WhatsApp
നീതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ.അരവിന്ദ് പനഗാരിയ ചെയർമാനായ 16-ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതാനായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകളുടെ ഭാഗമായാണ് മൂന്നു ദിവസത്തെ കേരള സന്ദർശനം നിശ്ചയിച്ചിട്ടുള്ളത്. അഞ്ചുവർഷ കാലായളവിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കേണ്ട ഭരണഘടനപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച തീർപ്പുകൾ നിശ്ചയിക്കുകയാണ് ധനകാര്യ കമ്മീഷന്റെ ചുമതല. ഈ സാഹചര്യത്തിലാണ് നികുതിവിഹിതം നീതിയുക്തമാവണമെന്ന ആവശ്യം സംസ്ഥാനം ഉന്നയിക്കുന്നത്.
രാജ്യത്തെ ജനസംഖ്യയുടെ 2.7 ശതമാനം വസിക്കുന്ന കേരളത്തിന് നികുതിവിഹിതം 1.925 ശതമാനം മാത്രമാണ് നിലവിലുള്ളത്. വിപുലമായ മധ്യവർഗ പ്രാമുഖ്യമുള്ള കേരളീയ സമൂഹത്തിന് വാങ്ങൽശേഷി കൂടുതലാണ്. പൂർണതോതിലുള്ള ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ നികുതി വരുമാനത്തിലേക്ക് നല്ലൊരു പങ്ക് അതിനാൽത്തന്നെ കേരളം സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ, ഇതനുസരിച്ചുള്ള പരിഗണന നികുതിവിഹിതം വിതരണം ചെയ്യുമ്പോൾ കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിക്കുന്നില്ല. 10-ാം ധനകാര്യ കമ്മിഷൻ കാലം വരെ കേരളത്തിന് 3.8 ശതമാനം നികുതിവിഹിതം കിട്ടിയിരുന്നു. എന്നാൽ, അതിനുശേഷം പകുതിയായി കുത്തനെ കുറയ്ക്കുകയാണുണ്ടായത്. നികുതിവിഹിതത്തിൽ പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യമാകും കേരളം പ്രധാനമായും ധനകാര്യ കമ്മീഷനു മുന്നിൽ ഉന്നയിക്കുക.
കേന്ദ്ര പദ്ധതികൾ നടപ്പാക്കാനുള്ള മാനകങ്ങൾ നിശ്ചയിക്കുമ്പോൾ ഓരോ സംസ്ഥാനത്തും നിലനില്ക്കുന്ന സാഹചര്യം പരിഗണിക്കണമെന്ന ആവശ്യവും കേരളം ഉയർത്തുന്നുണ്ട്. പദ്ധതി നടത്തിപ്പിന് കേന്ദ്രം നിശ്ചയിക്കുന്ന മാനകങ്ങൾ പലതും കേരളത്തിന്റെ ആവശ്യങ്ങളോടു യോജിക്കുന്നതല്ല എന്നതാണ് നിലവിലെ ശരി. കേന്ദ്രം ഇപ്പോൾ നിശ്ചയിക്കുന്ന ലക്ഷ്യങ്ങൾ പലതും കേരളം പതിറ്റാണ്ടുകൾക്കു മുമ്പു തന്നെ കൈവരിച്ചതാണ്. ഇതുകാരണം കേരളത്തിന് പദ്ധതിവിഹിതം ലഭിക്കാത്ത സാഹചര്യമുണ്ട്. അങ്ങനെ വരുമ്പോൾ കേരളം ലക്ഷ്യബോധത്തോടെ നടപ്പാക്കിയ പദ്ധതികളിലൂടെ കൈവരിച്ച നേട്ടങ്ങൾ ഇപ്പോൾ കേരളത്തിനു തന്നെ വിനയാകുന്ന സ്ഥിതിയാണ്. നല്ലതു ചെയ്തതിന്റെ പേരിൽ ശിക്ഷിക്കപ്പെടരുത് എന്ന ആവശ്യം കേരളം ധനകാര്യ കമ്മീഷനു മുന്നിൽ ഉന്നയിക്കും.
ധനകാര്യ കമ്മീഷൻ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങൾ മുൻകൂട്ടി ശക്തമായി അവതരിപ്പിക്കാനും അർഹതപ്പെട്ട സാമ്പത്തികാവകാശങ്ങളെല്ലാം നേടിയെടുക്കാനും കൃത്യമായ മുന്നൊരുക്കങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കമ്മീഷന്റെ റിപ്പോർട്ടിനും സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച തീർപ്പുകൾക്കും വലിയ പ്രധാന്യമാണുള്ളത്. 2026 ഏപ്രിൽ ഒന്നുമുതലാണ് കമ്മീഷന്റെ ശുപാർശ പ്രകാരമുള്ള ധന വിഹിതങ്ങൾ കേരളത്തിനും ലഭ്യമായി തുടങ്ങുക.
ഞായറാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെത്തുന്ന ധനകാര്യ കമ്മീഷൻ സംഘത്തെ ധനകാര്യ മന്ത്രി ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് അവർ കുമരകത്തേയ്ക്ക് യാത്രതിരിക്കും. തിങ്കളാഴ്ച രാവിലെ തിരുവാർപ്പ്, ഐമനം പഞ്ചായത്ത് പ്രദേശങ്ങളടക്കം സന്ദർശിക്കും. വൈകിട്ട് കമ്മീഷൻ ചെയർമാനും അംഗങ്ങളും കോവളത്ത് എത്തും.
ചൊവ്വാഴ്ച രാവിലെ 9.30ന് കോവളം ലീലാ ഹോട്ടലിലെ യോഗ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കമീഷൻ ചെയർമാനെയും അംഗങ്ങളെയും സ്വീകരിക്കും. മന്ത്രി ബാലഗോപാൽ സ്വാഗതം പറയും. തുടർന്ന് മന്ത്രിസഭാംഗങ്ങളുമായി ചർച്ച നടത്തും. പകൽ 11.30 മുതൽ സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ.കെ.എൻ.ഹരിലാൽ, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അസോസിയേഷനുകൾ, ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർപേഴ്‌സൺസ്, മേയേഴ്സ് കൗൺസിൽ തുടങ്ങിയവരുമായാണ് ചർച്ച.
ഉച്ചയ്ക്കുശേഷം 12.45 മുതൽ വ്യാപാരി, വ്യവസായി പ്രതിനിധികളുമായി ചർച്ച നടത്തും. 1.45 മുതൽ രാഷ്ട്രീയ പാർടികളുടെ പ്രതിനിധികളെ കാണും. തുടർന്ന് കമ്മീഷൻ ചെയർമാന്റെ വാർത്താസമ്മേളനവും നിശ്ചയിച്ചിട്ടുണ്ട്.