തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് ഡി.വൈ.എഫ്.ഐ. അംഗത്വം സ്വീകരിച്ചു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ചാണ് സംസ്ഥാന പ്രസിഡന്റ് വി.വസീഫും സെക്രട്ടറി വി.കെ.സനോജും ചേർന്നാണ് ഷാനിബിനെ അംഗത്വം കൈമാറിയത്. ഷാനിബിനെ പോലുള്ളവർ സംഘടനയിലേക്ക് കടന്നു വന്നതിൽ സന്തോഷമുണ്ടെന്ന് സനോജ് പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
ചില സത്യങ്ങൾ വിളിച്ചു പറഞ്ഞതിനാൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ് താൻ എന്ന് ഷാനിബ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അധികാരത്തിന് വേണ്ടി ഏത് വർഗീയതയെയും കൂട്ടുപിടിക്കാൻ കോൺഗ്രസ് തയ്യാറായിരിക്കുന്നു. എസ്.ഡി.പി.ഐയുമായും ഒരു മറയുമില്ലാതെ ചേർന്ന് നിൽക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും കോൺഗ്രസ് തിരുത്താൻ തയ്യാറല്ലെന്നും ഷാനിബ് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ജയിക്കുന്നതാണ് ന്യായ അന്യായങ്ങളുടെ തീർപ്പെന്ന് കോൺഗ്രസ് കരുതി. പാർട്ടിയെ എസ്.ഡി.പി.ഐയിലും ജമാ അത്തെ ഇസ്ലാമിയിലും ആർ.എസ്.എസിലും കൊണ്ട് കെട്ടാനാണ് ശ്രമിക്കുന്നത്. അതിന് നേതൃത്വം നൽകുന്നത് പ്രതിപക്ഷ നേതാവാണെന്നും ഷാനിബ് ആരോപിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയതിന് ശേഷമാണ് ഷാനിബ് കോൺഗ്രസ് വിട്ടത്. പിന്നാലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി സരിന് വേണ്ടി പ്രചാരണത്തിൽ സജീവമായി. പാർട്ടി വിട്ടതിന് പിന്നാലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഷാനിബ് പിന്നീട് പിന്മാറുകയും സരിന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.