കൊച്ചി: ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ തന്നെ സന്ദർശിച്ചത് ഒരു പുസ്തകം തരാൻ വേണ്ടിയാണെന്ന് സി.പി.എമ്മിന്റെ മുതിർന്ന നേതാവ് ജി.സുധാകരൻ. അതാണ് ഇപ്പോൾ കണ്ടതായി പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണം ഒരു പാർട്ടിയുടെ മാന്യതയ്ക്ക് ചേർന്ന കാര്യമാണോയെന്ന് ആലോചിക്കണം. അല്ലാതെ മറ്റെന്തിനെങ്കിലും ഒരു ബി.ജെ.പിക്കാരനെ താൻ വീടിന്റെ പടിക്കൽ കയറ്റുമോയെന്നും സുധാകരൻ ചോദിച്ചു. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Follow the FOURTH PILLAR LIVE channel on WhatsApp
ഗോപാലകൃഷ്ണന്റെ മനസ്സ് പകുതി മാർക്‌സിസ്റ്റാണെന്നു ഞാൻ പറഞ്ഞോ? അയാളുടെ ഭാര്യയുടെ മനസ്സ് മാർക്‌സിസ്റ്റാണെന്നു ഞാൻ പറഞ്ഞോ? വീട്ടിലിരിക്കുന്ന എന്റെ ഭാര്യയെപ്പറ്റി വരെ പറയുകയാണ്. എന്റെ ഭാര്യയുടെ മനസ്സ് അയാളെങ്ങനെ അറിഞ്ഞു? ഗോപാലകൃഷ്ണനെപ്പോലെ ഒരാൾ മാത്രമേ അങ്ങനെ പറയൂ കേരളത്തിൽ -സുധാകരൻ പറഞ്ഞു.
മറ്റു പാർട്ടിക്കാരെ കാണരുതെന്ന് പാർട്ടി പറഞ്ഞിട്ടില്ല. പാർട്ടിക്കങ്ങനെ പറയാനും പറ്റില്ല. പാർട്ടിയുടെ ഉന്നത നേതാക്കന്മാർ ആരെയെല്ലാമാ കണ്ടുകൊണ്ടിരിക്കുന്നത്. അതാണ് രാഷ്ട്രീയ പ്രവർത്തനം. കണ്ടതുകൊണ്ടെന്താ, ഉടനെ ചാരിത്ര്യം അങ്ങില്ലാതാവുമോ? എന്നെക്കാണാൻ ആരൊക്കെയോ വരുന്നുണ്ടാവും. പക്ഷേ, അതു വിവാദമാക്കേണ്ട കാര്യമില്ല. കാരണം വരുന്ന ആരും തന്നെ സ്വാധീനിക്കാറില്ല.
അങ്ങനെയെങ്കിൽ പിണറായി വിജയൻ മോദിയെ കാണാൻ പോകുന്നുണ്ടല്ലോ? കാണാൻ പാടില്ല അല്ലേ? പിണറായിയും ഞാനും കൂടിയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മോദിയെ കാണാൻ പോയത്. ഗഡ്കരിയെ കണ്ടല്ലോ. ഇവരൊക്കെ ആർ.എസ്.എസ്സുകാരല്ലേ? പൊതുജീവിതത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തപ്പെട്ടവർ തമ്മിൽ കാണുന്നത് ദുരുദ്ദേശപരമായ കാര്യങ്ങൾക്കു വേണ്ടിയാണെങ്കിൽ മാത്രമേ നിങ്ങൾക്കു ചോദ്യം ചെയ്യാൻ അവകാശമുള്ളൂ. അങ്ങനെ 62 വർഷമായി എന്തെങ്കിലും ഞാൻ ചെയ്തതായി പറയാൻ പറ്റുമോ? പറ്റില്ലല്ലോ? -സുധാകരൻ ചോദിച്ചു.
കെ.സി.വേണുഗോപാലിനെ കണ്ടാൽ എന്താണ് കുഴപ്പമെന്നും ജി സുധാകരൻ ചോദിച്ചു. വേണുഗോപാലുമായി 30 വർഷത്തിലേറെ ബന്ധമുണ്ട്. തന്റെ ആരോഗ്യ കാര്യങ്ങൾ തിരക്കാനാണ് അദ്ദേഹം വന്നത്. യഥാർത്ഥത്തിൽ വേണുഗോപാലിനോടു മാത്രമാണ് താൻ ഒരു രാഷ്ട്രീയം പറഞ്ഞത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റാണെന്നു പരസ്യമായി പറയാത്തിടത്തോളം കോൺഗ്രസ് ഇന്ത്യയിലിനി അധികാരത്തിൽ വരില്ലെന്നു പറഞ്ഞു. കാരണം ബി.ജെ.പി. അതുന്നയിച്ചകൊണ്ടേയിരിക്കും. അപ്പോൾ കോൺഗ്രസിന് ഏകാധിപത്യത്തെപ്പറ്റി പറയാൻ അവകാശമില്ല. വേണുഗോപാൽ അതിനു മറുപടി നല്കിയില്ലെന്നും സുധാകരൻ പറഞ്ഞു.
കെ.സിയെ താൻ സി.പി.എമ്മിലേക്കു ക്ഷണിച്ചില്ല. അയാൾ തന്നെ കോൺഗ്രസിലേക്കു ക്ഷണിക്കുകയുമില്ല. അത്രക്ക് മണ്ടനല്ല വേണുഗോപാലെന്നും സുധാകരൻ പറഞ്ഞു. ഗോപാലകൃഷ്ണൻ ഒരു വർഷത്തിനു മുമ്പെ എന്തോ ആവശ്യത്തിനു വന്നതാ. ഈയിടെ വന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതെന്തിനാ അങ്ങനെ പറയുന്നതന്നും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റിന് ഉത്തരവാദിത്വം വേണ്ടേയെന്നും സുധാകരൻ ചോദിച്ചു.
സി.പി.എമ്മിന്റെ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് എന്ന് വാക്ക് താൻ പറഞ്ഞതല്ല. അവിടത്തെ ഒരു നേതാവ് ആണ് അങ്ങനെ പറഞ്ഞത്. അത് പാടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. തനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. അമ്പലപ്പുഴ ഘടകത്തിന് തോന്നിയതല്ല. ഒരു നേതാവിന് തോന്നിയതാണ്. തനിക്ക് വിഷമമില്ല. തിരുത്തൽ പ്രവൃത്തി പാർട്ടി മുൻപും നടത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ നടത്തണം. അതു പറയുമ്പോൾ താൻ പാർട്ടിക്ക് എതിരാണ് എന്ന് പറയുന്നത് ഒരു വിഭാഗം മാധ്യമങ്ങളും പാർട്ടിയിൽ നുഴഞ്ഞുകയറിയ ചില പൊളിറ്റിക്കൽ ക്രിമിനൽസും ആണെന്നും ജി.സുധാകരൻ പറഞ്ഞു.
പാർട്ടികളിൽ നുഴഞ്ഞുകയറിയ രാഷ്ട്രീയ ക്രിമിനലുകൾ ആഴത്തിൽ വേരോടിയ രാഷ്ട്രീയ തത്വശാസ്ത്രങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അത് രാഷ്ട്രീയരംഗം നേരിടുന്ന ഗുരുതര പ്രശ്നമാണ്. ഇത്തരം പുഴുക്കുത്തുകൾ സി.പി.എം. അടക്കം എല്ലാ രാഷ്ട്രീയ കക്ഷികളിലുമുണ്ടെന്നും സുധാകരൻ പറഞ്ഞു. എല്ലാ രാഷ്ട്രീയപാർട്ടികളുടേയും പ്രവർത്തനം ജനാധിപത്യപരമാകണം. സി.പി.എമ്മിലും അതു വേണം.
പാർട്ടിക്ക് അകത്തുണ്ടാകുന്ന തെറ്റായ കാര്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും സ്വയം വിമർശനങ്ങളുമെല്ലാം സംഘടനാ റിപ്പോർട്ടുകളിൽ ഉള്ളതാണ്. അവയിൽ ഉള്ളതിന്റെ നാലിലൊന്ന് പോലും ഞങ്ങൾ ആരും പറയുന്നില്ല. പാർട്ടി രേഖകളിൽ ഉള്ളതു പറയുമ്പോഴാണ് ജി.സുധാകരൻ പാർട്ടിക്കെതിരെയാണെന്ന് മാധ്യമങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.