Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹമായ സഹായങ്ങൾ നൽകാൻ തയാറാവാത്തതുൾപ്പെടെ കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെ എൽ.ഡി.എഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും, ജില്ലകളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലുമാണ് സമരം നടന്നത്.
രാജ്ഭവന് മുന്നിലെക്ക് പ്രതിഷേധ പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. പ്രക്ഷോഭം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്രം സഹായം അനുവദിക്കുന്നതുവരെ വലിയ പ്രക്ഷോഭവുമായി ഇടതുപക്ഷം മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യം ഔദാര്യമല്ല മറിച്ച് അവകാശമാണ്. സമരത്തിന് ഞങ്ങളില്ല എന്ന നിലപാടാണ് കേരളത്തിലെ പ്രതിപക്ഷത്തിന്. എൽ.ഡി.എഫ.് ഇനിയും അധികാരത്തിലെത്തും എന്ന് തിരിച്ചറിഞ്ഞതിലെ സർക്കാർ വിരുദ്ധതയുടെ ഭാഗമാണ് പ്രതിപക്ഷത്തിന്റെ നിലപാടിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഇന്ത്യൻ യൂണിയന്റെ ഭാഗമാണ്. ഭണഘടനയനുസരിച്ച് പ്രകൃതി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരന്ത നിവാരണ ഫണ്ട് നൽകാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണ്. കേരളത്തിന് ഫണ്ട് അനുവദിക്കണമെന്ന് യാചിക്കുകയല്ല ഭരണഘടനാപരമായ ബാധ്യത നിർവഹിക്കണമെന്ന് ആവശ്യപ്പെടുകയാണ്. വയനാടിന് സഹായം നൽകാതെ കേന്ദ്രം അവ?ഗണിക്കുകയാണ്. കേന്ദ്രം എത്ര അവഗണിച്ചാലും ദുരന്തബാധിതരെ കേരളം പുനരധിവസിപ്പിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
പത്തനംതിട്ടയിൽ മാത്യു ടി.തോമസ്, ആലപ്പുഴ പി.കെ.ശ്രീമതി, കോട്ടയം ഡോ.എൻ.ജയരാജ്, ഇടുക്കി കെ.പ്രകാശ് ബാബു, എറണാകുളം പി.സി.ചാക്കോ, തൃശ്ശൂർ കെ.പി.രാജേന്ദ്രൻ, പാലക്കാട് എ.വിജയരാഘവൻ, മലപ്പുറം എളമരം കരീം, കോഴിക്കോട് എം.വി.ശ്രേയാംസ്‌കുമാർ, വയനാട് അഹമ്മദ് ദേവർകോവിൽ, കണ്ണൂർ ഇ.പി.ജയരാജൻ, കാസറഗോഡ് ഇ.ചന്ദ്രശേഖരൻ എന്നിവരാണ് സമരം ഉദ്ഘാടനം ചെയ്തത്.























