Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട വാർത്തയിൽ നടൻ മണികണ്ഠൻ ആചാരിയുടെ ഫോട്ടോ ഉപയോഗിച്ച് മനോരമ കുടുങ്ങി. മറ്റൊരാൾക്കു പകരമാണ് പത്രം ഈ ചിത്രം നല്കിയത്. സംഭവത്തിൽ മനോരമയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മണികണ്ഠൻ ആചാരി.
മലയാള മനോരമയുടെ മലപ്പുറം എഡിഷനിലാണ് നടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠനെ കുറിച്ചുള്ള വാർത്ത വന്നത്. എന്നാൽ അതിനൊപ്പം കുറ്റാരോപിതന്റെ ഫോട്ടോ നൽകിയത് മണികണ്ഠൻ ആചാരിയുടേതായിരുന്നു. ‘മനോരമ എന്റെ വീടിന്റെ ഐശ്വര്യം’ എന്ന കുറിപ്പോടു കൂടി മണികണ്ഠൻ ഇൻസ്റ്റഗ്രാമിൽ മനോരമ വാർത്ത പങ്കുവെച്ചു.
View this post on Instagram
സംഭവത്തിലുള്ള പ്രതികരണം ഒരു വീഡിയോ ആയി ഇൻസ്റ്റഗ്രാമിൽ തന്നെ മണികണ്ഠൻ ആചാരി പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മനോരമയ്ക്ക് എന്റെ പടം കണ്ടാൽ അറിയില്ലേ. മനോരമയ്ക്ക് അറിയാത്ത ഒരാളാണോ ഞാനെന്ന് സംശയിക്കുന്നു. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കൺട്രോളർ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങൾ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവർക്ക് വിളിക്കാൻ തോന്നിയത് കൊണ്ട് മനസിലായി അത് ഞാനല്ലെന്ന്. അയാൾ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കിൽ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല’ -മണികണ്ഠൻ പറഞ്ഞു.