ആലപ്പുഴ: കളർകോട് കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവർ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്തും 4 പേർ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 9.20 മണിയോടെ കളർകോട് ജംഗ്ഷനു സമീപം കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചറിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടസമയത്ത് നല്ല മഴയുണ്ടായിരുന്നു. കാറിൽ ആകെ 12 പേരാണുണ്ടായിരുന്നത്. ബസ് ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്കും കാർ ആലപ്പുഴയിലേക്കുമാണ് സഞ്ചരിച്ചിരുന്നത്.
അപകടത്തിൽ കാർ ഏതാണ്ട് പൂർണ്ണമായും തകർന്നതിനാൽ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരുക്കേറ്റ 4 പേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേർ ജനറൽ ആശുപത്രിയിലാണ്. ബസിന്റെ മുൻസീറ്റിലിരുന്ന യാത്രക്കാരിക്കും പരുക്കേറ്റിട്ടുണ്ട്.
കനത്ത മഴയിൽ കാർ ഡ്രൈവറുടെ കാഴ്ച മങ്ങിയതാവാം അപകടകാരണമെന്നു സംശയിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാർ ബസിലേക്കു വന്നിടിക്കുകയായിരുന്നുവെന്ന് ബസ് ഡ്രൈവറും പറഞ്ഞു.