തിരുവനന്തപുരം: ലോകത്തെ അറിയപ്പെടുന്ന ചലച്ചിത്ര പ്രവർത്തകരാണ് ഡെനിസ് ഫെർണാണ്ടസ്, ലിൽജ ഇൻഗോൾഫ്സ്ഡോട്ടിർ, യോക്കോ യമനക, കുർദ്വിൻ അയൂബ്, ലൂയീസ് കൂര്‍വോസിയർ, ഇവാ റാഡിവോജെവിക്, റോയ സാദത്ത് എന്നിവർ. കുടിയേറ്റം, സ്വത്വം, സാമൂഹിക മാനദണ്ഡങ്ങൾ, കുടുംബത്തിൻ്റെ ചലനാത്മകത എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സിനിമയെടുക്കുന്നവരാണ് ഈ വനിതകൾ.
ഈ വനിതാ സവിധായകരുടെ സർഗാത്മക ദർശനങ്ങൾ ആഘോഷിക്കുന്ന 7 സിനിമകൾ ഇക്കുറി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാവും. ഹനാമി, ലൗവബിൾ, ഡെസേർട്ട് ഓഫ് നമീബിയ, മൂൺ, ഹോളി കൗ, വെൻ ദ ഫോൺ റംഗ്, സീമാസ് സോങ് എന്നീ സിനിമകളാണ് ഫീമെയ്ൽ ഗേസ് അഥവാ പെൺനോട്ടം എന്നു പേരിട്ടിരിക്കുന്ന വിഭാഗത്തിലുള്ളത്. സ്ത്രീകളുടെ കാഴ്ചപ്പടുകൾ അടിവരയിടുന്ന ഈ സിനിമകൾ സ്ത്രീകൾ അവരെയും അവർക്കു ചുറ്റുമുള്ള ലോകത്തെയും എങ്ങനെ കാണുന്നു എന്നും വ്യക്തമാക്കുന്നുണ്ട്.
കേപ് വെർദെയിൽ നിന്ന് വേർപിരിഞ്ഞ അമ്മയുമായി വീണ്ടും കൂട്ടിമുട്ടുന്ന നാനയുടെ യാത്രയെ പിന്തുടരുകയാണ് ഡെനിസ് ഫെർണാണ്ടസ് സംവിധാനം ചെയ്ത ഹനാമി. സാംസ്കാരികതയും കുടിയേറ്റ പ്രശ്നങ്ങളുമെല്ലാം ചിത്രത്തിൽ മുഖ്യ ചർച്ചാവിഷയങ്ങളാകുന്ന ഈ ചിത്രം ലോകാർണോ, ലണ്ടൻ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വിവാഹമോചനത്തിൻ്റെ പ്രക്ഷുബ്ധതയെ അഭിമുഖീകരിക്കാനുള്ള പരിശ്രമത്തിൻ്റെ ഭാഗമായി വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ സന്തുലിതമാക്കാൻ പാടുപെടുന്ന നോർവീജിയൻ അമ്മ മരിയയുടെ കഥയാണ് ലിൽജ ഇൻഗോൾഫ്‌സ്‌ഡോട്ടിറിൻ്റെ ലൗവബിൾ അവതരിപ്പിക്കുന്നത്. ഒരു അമ്മയുടെയും അവരുടെ നാലു മക്കളുടേയും ജീവിതനേർക്കാഴ്ചകളുടെ ദൃശ്യവിരുന്നാണ് ഈ ചിത്രം. മിസ്കോൾക്, കോർക്ക് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം പ്രശംസിക്കപ്പെട്ടു.
യോക്കോ യമനാക്കയുടെ ഡെസേർട്ട് ഓഫ് നമീബിയ സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്ന ജാപ്പനീസ് കൗമാരക്കാരി സാറ്റ്സുക്കിയെക്കുറിച്ചുള്ള സ്പന്ദിക്കുന്ന വിവരണമാണ്. സാറ്റ്സുക്കി പ്രായപൂർത്തിയാകുന്ന ഘട്ടത്തിലെ അനുഭവങ്ങളും അവളുടെ സ്വതന്ത്ര ജീവിതവും സിനിമയിൽ പ്രമേയമാക്കുന്നു. വ്യക്തിസ്വാതന്ത്ര്യവും സമൂഹവ്യവസ്ഥിതിക്കു നേരെയുള്ള കലാപവുമെല്ലാം പ്രതിപാദ്യവിഷയമാവുന്ന ഈ ചിത്രം കാൻ ചലച്ചിത്രമേളയിൽ ഫിപ്രെസ്കി പുരസ്കാരവും ബാങ്കോക് ലോക ചലചിത്ര മേളയിൽ ലോട്ടസ് പുരസ്കാരവും നേടിയിട്ടുണ്ട്.
ആയോധനകലാകാരിയായ സാറയുടെ അനുഭവങ്ങളുടെ അവതരണമാണ് കുർദ്വിൻ അയൂബിന്റെ ഓസ്ട്രിയൻ ചിത്രമായ മൂൺ. സമ്പന്നരായ സഹോദരിമാരെ പരിശീലിപ്പിക്കുന്നതിനിടയിൽ ഒറ്റപ്പെട്ടതും നിരന്തര നിരീക്ഷണത്തിൽ കഴിയുന്നതുമായ ആയോധന കലാകാരിയായ സാറയുടെ അസ്വസ്ഥമായ അനുഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
കൗമാരക്കാരൻ ടോട്ടണിൻ്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ലൂയീസ് കൂര്‍വോസിയറുടെ ഹോളി കൗ. പിതാവിൻ്റെ മരണശേഷം 7 വയസ്സുകാരിയായ അനുജത്തിയെ സംരക്ഷിക്കാനായി അവൻ പ്രയത്നിക്കുകയാണ്. കാനിലെ ക്യാമറ ദോർ പുരസ്കാരത്തിനായി മത്സരിച്ച ചിത്രമാണിത്.
ഒരു സെർബിയൻ കുടുംബത്തിൽ ഒരു ഫോൺ കോളിന് ശേഷമുണ്ടായ വൈകാരികവും മാനസികവുമായ പ്രത്യാഘാതങ്ങളെ തുറന്നുകാണിക്കുന്ന സിനിമയാണ് ഇവാ റാഡിവോജെവിക് സംവിധാനം ചെയ്ത വെൻ ദ ഫോൺ റാങ്. ജീവിതാനുഭവം, സ്വത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഈ സിനിമ സംവിധായകയുടെ ജീവിതകഥ കൂടിയാണ്. കെയ്‌റോ, ഹെൽസിങ്കി തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം 2024ലെ ലൊകാർണോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശവും നേടി.
അഫ്‌ഗാനിസ്ഥാനിലെ യാഥാസ്ഥിതിക സമൂഹത്തിൽ ജീവിക്കേണ്ടി വരുന്ന ഒരു യുവതി നേരിടുന്ന വെല്ലുവിളികളെ കുറിച്ചു പറയുകയാണ് 2023ൽ പുറത്തിറങ്ങിയ സീമാസ് സോങ്. പ്രണയവും കുടുംബവുമെല്ലാം ഇതിൽ വിഷയമാകുന്നു. ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടു.
പെൺനോട്ടത്തിലൂടെ കഥ പറയുന്നതിൻ്റെ ശക്തി വെളിവാക്കാൻ ചലച്ചിത്ര മേളയിലെ ഫീമെയ്ൽ ഗേസിനു സാധിക്കുമെന്നതുറപ്പാണ്.