കാസറഗോഡ്: ഉത്തര മലബാറിലെ പുരാതനമായ ഒരു മനയിൽ അരങ്ങേറുന്ന ദുരൂഹതകളാണ് ഈ ചിത്രത്തിലൂടെ നിവർത്തുവാൻ ശ്രമിക്കുന്നത്. പൂർണ്ണമായും ഹൊറർ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. ഐരാവതക്കുഴി എന്ന ഗ്രാമത്തിലെ മനക്കൽ മനയിലാണ് കഥ നടക്കുന്നത്. ബ്രിട്ടിഷ് ഭരണകാലം മുതൽ ഈ തറവാടിന് പേരും പ്രശസ്തിയും, അംഗീകാരവുള്ള മനയാണ്. നാട്ടുകാർക്കിടയിൽ ഈ മനയെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. ഇവിടെ നടന്ന ചില ദുരന്തങ്ങളുടേയും,ചിലരുടെ തിരോധാനവും തേടി ഒരു പൊലീസ് ഉദ്യോഗസ്ഥൻ എത്തുന്നതോടെയാണ് ചിത്രം സംഘർഷഭരിതമാകുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp

വടക്കേ മലബാറിലെ പ്രശസ്തമായ മനയ്ക്കൽ മന ഏറെ നിഗൂഢതകൾ നിറഞ്ഞതാണ്. ബ്രിട്ടിഷ് ഭരണാധികാരികളുടെ വിശ്വസ്തർ കൂടിയായിരുന്ന മനയ്ക്കൽ മനയിലെ ദുരൂഹതകളുടെ പിന്നാമ്പുറങ്ങളിൽ ഞെട്ടിപ്പിക്കുന്ന പല കഥകളുമുണ്ട്. ഇവിടെ അടുത്തിട അരങ്ങേറിയ വലിയ ദുരന്തങ്ങളുടെ ചുരുളുകൾ നിവർത്തുവാൻ സി.ഐ. സത്യ എത്തുന്നതിലൂടെ ഉരുത്തിരിയുന്ന സത്യങ്ങൾ എന്താണ്? ജി.എം.മനു സംവിധാനം ചെയ്യുന്ന ദ പ്രൊട്ടക്ടർ എന്ന ചിത്രത്തിലൂടെ രഹസ്യങ്ങൾ ചുരുളഴിയും.

ഷൈൻ ടോം ചാക്കോയാണ് പ്രൊട്ടക്ടർ ആകുന്ന സി.ഐ. സത്യയെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ഹൊറർ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് പൂർത്തിയായി. അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടിയാണിത്.

പുതുമുഖം ഡയാനയാണ് ഈ ചിത്രത്തിലെ നായിക. തലൈവാസിൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, ശിവജി ഗുരുവായൂർ, സജി സോമൻ, മണിക്കുട്ടൻ, നോബിൻ മാത്യു, ബോബൻ ആലുംമൂടൻ, ഉണ്ണിരാജൻ, ശരത്ത്, ശ്രീഹരി, മാത്യൂസ് മാത്യൂസ്, മൃദുൽ, ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടിൽ, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി എന്നിവരും പ്രധാന താരങ്ങളാണ്.

അജേഷ് ആന്റണി, ബെപ്സൺ നോബൽ, കിരൺ രാജാ എന്നിവരുടേതാണ് തിരക്കഥ. റോബിൻസ് അമ്പാട്ടിന്റെ ഗാനങ്ങൾക്ക് ജിനോഷ് ആന്റണി ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം -രജീഷ് രാമൻ, ചിത്രസംയോജനം- താഹിർഹംസ, കലാസംവിധാനം -സജിത് മുണ്ടയാട്, ചമയം- സുധി രവീന്ദ്രൻ, വസ്ത്രാലങ്കാരം -അഫ്സൽ മുഹമ്മദ്, സംഘട്ടനം -മാഫിയാ ശശി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -നസീർ കാരന്തൂർ, പ്രൊഡക്ഷൻ കൺട്രോളർ -ഷാജി കാവനാട്ട്.