29 C
Trivandrum
Sunday, June 22, 2025

ചലച്ചിത്രാചാര്യന്മാർക്ക് ആദരമായി സിനിമാ ആൽക്കെമി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യന്മാർക്ക് ആദരമർപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് എക്സിബിഷൻ സംഘടിപ്പിക്കും. സിനിമാ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട് എന്ന എക്സിബിഷൻ സംവിധായകൻ ടി.കെ.രാജീവ് കുമാർ ആണ് സംയോജിപ്പിച്ചിരിക്കുന്നത്. കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിങ്ങുകൾ പ്രദർശനത്തിൽ ഉണ്ടാകും. ഡിസംബർ 14ന് രാവിലെ മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് പ്രദർശനം ആരംഭിക്കും.

അകിര കുറോസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്‌കി, അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ആഗ്നസ് വാർദ, മാർത്ത മെസറോസ്, മീരാ നായർ തുടങ്ങി 50 ചലച്ചിത്രപ്രതിഭകൾ അണിനിരക്കുന്ന ഈ പ്രദർശനം ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂർവ ദൃശ്യവിരുന്നാകും. ഓരോ ചലച്ചിത്രാചാര്യന്റെയും സവിശേഷമായ സിനിമാസമീപനത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ പകരുന്ന ഈ പ്രദർശനത്തിൽ സർറിയലിസത്തിന്റെയും ഹൈപ്പർ റിയലിസത്തിന്റെയും ദൃശ്യസാധ്യതകൾ സമർത്ഥമായി സംയോജിപ്പിച്ചിരിക്കുന്നു.

സിനിമയെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയാക്കിയ ചലച്ചിത്ര പ്രതിഭകളെയാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് രാജീവ് കുമാർ പറഞ്ഞു. ചലച്ചിത്രകലയിലെ അവരുടെ പ്രാവീണ്യം മാത്രമല്ല സാമൂഹികപ്രശ്നങ്ങളിൽ അവർ സ്വീകരിച്ച ധാർമ്മിക സമീപനത്തെ കൂടി അടയാളപ്പെടുത്തുന്നതാവും ഈ പ്രദർശനം. അവർ ചലച്ചിത്ര സ്രഷ്ടാക്കൾ മാത്രമല്ല, രാഷ്ട്രീയം, ധാർമ്മികത, സാംസ്‌കാരിക സ്വത്വം എന്നീ വിഷയങ്ങൾ സിനിമകളിലൂടെ അവതരിപ്പിച്ച ദാർശനികരും സാമൂഹിക പ്രവർത്തകരുമായിരുന്നുവെന്ന് രാജീവ്കുമാർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽനിന്ന് ബിരുദവും വഡോദര എം.എസ്. യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ റാസി പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സീനിക് ഡിസൈനിൽ സ്പെഷ്യലൈസേഷനോടെ ഡിപ്ളോമയും നേടിയിട്ടുണ്ട്. ദസ്തയേവ്സ്‌കിയുടെ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത വെളുത്ത രാത്രികൾ എന്ന സിനിമ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. ദേശീയ അന്തർദേശീയതലങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

2003-06 കാലയഘട്ടത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്നയാളാണ് രാജീവ് കുമാർ. 5 ദേശീയ പുരസ്‌കാരങ്ങളും 5 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയ അദ്ദേഹം 26 ഫീച്ചർ ഫിലിമുകളും 14 ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ടാഗോറിലെ പ്രദർശനവേദിയിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും.

Recent Articles

Related Articles

Special

Enable Notifications OK No thanks