തിരുവനന്തപുരം: ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ കൺട്രി ഫോക്കസ് വിഭാഗത്തിൽ എത്തുന്നത് അർമീനിയ. അവിടെ നിന്നുള്ള 7 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഒരു നൂറ്റാണ്ട് പിന്നിടുന്ന അർമേനിയൻ സിനിമയോടുള ആദരസൂചകമായാണ് പ്രദർശനം.
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം, ചരിത്രപരമായ പോരാട്ടങ്ങൾ, സമകാലിക സ്വത്വം എന്നിവ പ്രതിഫലിപ്പിക്കുന്ന സമ്പന്നവും വികസിതവുമായ കലാരൂപമാണ് അർമീനിയൻ സിനിമ. കഥപറച്ചിലിന്റെയും ദൃശ്യകലയുടെയും പാരമ്പര്യത്തിൽ വേരൂന്നിയ അർമീനിയൻ സിനിമയിൽ ചരിത്രവും നാടോടിക്കഥകളും ജനങ്ങളുടെ പ്രതിരോധശേഷിയുമെല്ലാം പ്രതിപാദ്യ വിഷയങ്ങളാണ്.
1920കളിൽ ഛായാഗ്രഹണത്തിനായുള്ള അർമീനിയൻ സ്റ്റേറ്റ് കമ്മിറ്റി സ്ഥാപിതമായതോടെയാണ് അർമീനിയൻ സിനിമയുടെ തുടക്കം. ആദ്യകാല സിനിമകൾ സോവിയറ്റ് ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടു, സാമൂഹിക പുരോഗതിയുടെയും വിപ്ലവത്തിന്റെയും പ്രമേയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യ അർമേനിയൻ സിനിമകളിലൊന്നായ, ഹാമോ ബെക്‌നസര്യൻ സംവിധാനം നമസ് (1925) ഒരു ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു.
20-ാം നൂറ്റാണ്ടിന്റെ മധ്യകാലം അർമീനിയൻ സിനിമയുടെ സുവർണ്ണകാലമായി അടയാളപ്പെടുത്താം. സെർജി പരജനോവിനെപ്പോലുള്ള ചലച്ചിത്രകാരന്മാർ അവരുടെ നൂതന സാങ്കേതികവിദ്യകൾക്കും ആഴത്തിലുള്ള പ്രതീകാത്മക കഥപറച്ചിലിനും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടു. 18-ാം നൂറ്റാണ്ടിലെ കവിയായ സയത് നോവയുടെ ജീവിതത്തിന്റെ കാവ്യാത്മകവും ദൃശ്യപരവുമായ ആവിഷ്‌കാരമായ പരജനോവ് മാസ്റ്റർപീസാണ് ദ കളർ ഓഫ് പോമിഗ്രാനേറ്‌സ് (1969).
ഫ്രുൻസ് ഡോവ്‌ലാത്യനെ പോലെയുള്ള മറ്റു സംവിധായകർ പ്രണയം, സ്വത്വം, അസ്തിത്വവാദം എന്നിവ പ്രമേയമാക്കി. റൂബൻ മമൗലിയൻ എന്ന അർമീനിയൻ-അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് 1930കളിലും 1940കളിലും ഹോളിവുഡിൽ അംഗീകാരം നേടി.
സോവിയറ്റ് യൂണിയന്റെ തകർച്ച സാമ്പത്തിക പരിമിതികൾ വർദ്ധിച്ചതും ഭരണകൂട പിന്തുണ കുറഞ്ഞതും ഉൾപ്പെടെ അർമീനിയൻ സിനിമയ്ക്ക് കാര്യമായ വെല്ലുവിളികൾ സൃഷ്ടിച്ചു. അതേസമയം തന്നെ കൂടുതൽ സൃഷ്ടിപരമായ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു. സമകാലിക അർമേനിയൻ ചലച്ചിത്ര പ്രവർത്തകർ അർമീനിയൻ വംശഹത്യ, പ്രവാസി സ്വത്വം, സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
അർമീനിയൻ-കനേഡിയൻ ചലച്ചിത്ര നിർമ്മാതാവായ ആറ്റം എഗോയന്റെ അരാരത്ത് (2002) പോലുള്ള സിനിമകൾ അർമേനിയൻ ചരിത്രത്തിലേക്ക്, പ്രത്യേകിച്ച് വംശഹത്യയിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവന്നു. ഹരുത്യുൻ ഖചത്രിയാൻ, അന്ന മെലിക്യാൻ തുടങ്ങിയ സംവിധായകരും പരമ്പരാഗത ഘടകങ്ങളുമായി ആധുനിക ആഖ്യാനങ്ങളെ സമന്വയിപ്പിച്ച സിനിമകളിലൂടെ അർമീനിയൻ സിനിമയുടെ പുനരുജ്ജീവനത്തിന് സംഭാവന നൽകിയിട്ടുണ്ട്.
മൈക്കൽ എ.ഗൂർജ്യാൻ സംവിധാനം ചെയ്ത അമേരിക്കാറ്റ്‌സി, ജിവൻ അവേതിസ്യാൻ സംവിധാനം ചെയ്ത ഗേറ്റ് ടു ഹെവൻ, മൈക്കൽ ഡോവ്‌ലാത്യാന്റെ ലാബിറിന്ത്, സെർജി അവേദിക്യാന്റെ ലോസ്റ്റ് ഇൻ അമേരിക്ക, സെർജി അവേദിക്യാനും ഒലിന ഫെറ്റിസോവയും ചേർന്നു സംവിധാനം ചെയ്ത പരജനോവ്, നോറ മർതിരോസ്യന്റെ ഷുഡ് ദ വിൻഡ് ഡ്രോപ്, മരിയ സാക്യന്റെ ദ ലൈറ്റ് ഹൗസ് എന്നിവയാണ് അർമീനിയയിൽ ഇക്കുറി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നത്. യുദ്ധവും കുടിയിറക്കലും പശ്ചാത്തലമാകുന്ന ഈ സിനിമകൾ പ്രതിരോധം, സ്വത്വം, സാംസ്‌കാരിക വൈവിധ്യം തുടങ്ങിയ പ്രമേയങ്ങളിലേക്ക് കടന്നുചെല്ലുന്നു.
96-ാമത് ഓസ്‌കർ അവാർഡിൽ അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ മത്സരിച്ച അമേരിക്കാറ്റ്സി, സോവിയറ്റ് കാലഘട്ടത്തിലെ അർമീനിയയിലെ കഥ പറയുന്നു. ചാർലി എന്ന യുവാവ് തന്റെ പൂർവികരുമായുള്ള ബന്ധത്തെയും ആയാളുടെ വ്യക്തിത്വത്തെയും അന്വേഷിക്കുന്നതാണ് കഥ. വ്യക്തിത്വം, പ്രതിരോധശേഷി, വ്യക്തിപരവും സാംസ്‌കാരികവുമായ ചരിത്രത്തിന്റെ സംഗമം തുടങ്ങിയ വിഷയങ്ങൾ ഈ ചിത്രം കൈകാര്യം ചെയ്യുന്നു.
യുദ്ധം നിമിത്തമുണ്ടാകുന്ന ഒഴിഞ്ഞുപോക്കിനിടയിലെ മനുഷ്യബന്ധങ്ങളും പ്രതീക്ഷയും പ്രതിപാദ്യമാവുകയാണ് ഗേറ്റ് ടു ഹെവനിൽ. വർഷങ്ങൾക്ക് മുമ്പ് താൻ ചെയ്തുപോയൊരു തെറ്റോർത്തു പശ്ചാത്തപിക്കുന്ന പട്ടാള മാധ്യമപ്രവത്തകനായ റോബർട്ടിന്റെ കഥയാണിത്. 2022ലെ അർമീനിയൻ നാഷണൽ ഫിലിം അക്കാദമി അവാർഡിൽ മികച്ച പ്രൊഡക്ഷൻ ഡിസൈനിനും മികച്ച ശബ്ദലേഖനത്തിനുമുള്ള അംഗീകാരങ്ങൾ ഈ ചിത്രം നേടി.
ശാരീരികവും വൈകാരികവുമായ ഭ്രമണപഥങ്ങളിൽ കുടുങ്ങിയ വ്യക്തികളുടെ പോരാട്ടങ്ങളിലൂടെ മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകളെ പ്രതീകമാക്കുന്ന മനഃശാസ്ത്ര ചിത്രമാണ് ലാബിറിന്ത്. സിനിമയിലെ കഥാപാത്രങ്ങൾ കാലാതീതതയുടെ ചുഴികളിലകപ്പെട്ട് സ്വയം നഷ്ടമാകുന്നതും തുടർന്ന് അവരുടെ സങ്കല്പങ്ങളിൽ നിന്ന് വേർതിരിഞ്ഞ് യാഥാർത്ഥ്യ ലോകത്തെ കണ്ടെത്തുന്നതുമാണ് പ്രമേയം.
തിരക്കേറിയ ജീവിതത്തിലെ ഇടവേളകളിൽ തുർക്കിയിലേക്കുള്ള നായകന്റെ യാത്രയെ നർമത്തിൽ ആവിഷ്‌കരിക്കുന്ന ലോസ്റ്റ് ഇൻ അർമീനിയ കാൻ, ടൊറന്റോ തുടങ്ങിയ മേളകളിലെല്ലാം ശ്രദ്ധനേടിയ ചിത്രമാണ്. ആശയക്കുഴപ്പവും സാംസ്‌കാരികച്യുതിയുമെല്ലാം ഈ ചിത്രത്തിൽ പ്രമേയമാകുന്നുണ്ട്.
1940കളുടെ ഒടുവിൽ സ്വവർഗാനുരാഗത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട വിഖ്യാത ചലച്ചിത്ര സംവിധായകൻ സെർജി പരാജ്‌നോവിന്റെ ജീവിതത്തെ സ്പദമാക്കി ചിത്രീകരിച്ച പരാജ്‌നോവ് പ്രദർശനത്തിലെ മുഖ്യ ആകർഷണമാകും. വിഖ്യാതനായ ഒരു ചലച്ചിത്രകാരൻ സെൻസർഷിപ്പിനും അടിച്ചമർത്തലിനും എതിരെ നടത്തിയ പോരാട്ടങ്ങൾ അതേ തീവ്രതയോടെയും കലാപരമായ മിഴിവോടെയും അവതരിപ്പിക്കുന്നു ഈ ചിത്രം.
94-ാമത് ഓസ്‌കർ പുരസ്‌കാരത്തിനുള്ള അർമീനിയയുടെ ഔദ്യോഗിക എൻട്രിയാണ് ഷുഡ് ദ വിൻഡ് ഡ്രോപ്. അർമീനിയ-ബെൽജിയം-ഫ്രഞ്ച് സംയുക്ത സംരംഭമാണിത്. ഒറ്റപ്പെടൽ, മനുഷിക ഇടപെടൽ, യുദ്ധബാധിത പ്രദേശങ്ങളിലെ അതിജീവനം എന്നിവയിൽ ഈ ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അസർബൈജാനും അർമീനിയയും അതിർത്തിയുടെ പേരിൽ നടത്തുന്ന അശാന്തിയുടേയും വംശഹത്യയുടേയും കഥ പറയുകയാണ് ദ ലൈറ്റ് ഹൗസ്. വ്യക്തികളിലും സമൂഹത്തിലും യുദ്ധം ചെലുത്തുന്ന സ്വാധീനം ഈ സിനിമ വരച്ചുകാട്ടുന്നുണ്ട്. റോട്ടർഡാം, മോസ്‌കോ തുടങ്ങിയ പ്രശസ്ത ചലച്ചിത്രമേളകളിൽ ദ ലൈറ്റ് ഹൗസ് പ്രദർശിപ്പിച്ചിട്ടുണ്ട്.
വൈവിധ്യമാർന്ന പശ്ചിമേഷ്യൻ സംസ്‌ക്കാരത്തിന്റെ നേർക്കാഴ്ചകളുടെയും ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന അർമീനിയൻ സിനിമകൾ ഇത്തവണത്തെ ചലച്ചിത്രമേളയിൽ പുതിയ അനുഭവമാകും.