29 C
Trivandrum
Tuesday, March 25, 2025

സരിൻ ആദ്യമായി എ.കെ.ജി. സെന്ററിൽ, പാർട്ടിയിലെ ഭാവി ചർച്ചയായി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഡോ.പി.സരിൻ എ.കെ.ജി. സെന്ററിലെത്തി. കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ തലവനായിരുന്ന സരിൻ അവിടെ നിന്നിറങ്ങിയാണ് പാലക്കാട് സ്ഥാനാർത്ഥിയായതും പിന്നീട് സി.പി.എം. സംസ്ഥാന ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.കെ.ജി. സെന്ററിലെത്തിയതും.

തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ സരിന് സി.പി.എം. എന്തു ചുമതല കൊടുക്കുമെന്ന ചർച്ച വ്യാപകമായ സാഹചര്യത്തിൽ വെള്ളിയാഴ്ചത്തെ സന്ദർശനത്തിന് പ്രാധാന്യമുണ്ട്. പാർട്ടി ആസ്ഥാനത്തെത്തിയ സരിൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടു. ചുവപ്പ് ഷാൾ അണിയിച്ചാണ് എം.വി ഗോവിന്ദൻ സരിനെ സ്വീകരിച്ചത്. മന്തി സജി ചെറിയാൻ, മുൻ മന്ത്രി എ.കെ ബാലൻ തുടങ്ങിയവരും സരിനെ സ്വീകരിക്കാൻ എം.കെ.ജി സെന്ററിലെത്തിയിരുന്നു.

ഡോ.പി.സരിൻ ആദ്യമായിട്ട് എ.കെ.ജി. സെന്ററിലേക്ക് എത്തിച്ചേരുകയാണ്. അദ്ദേഹത്തെ ഞങ്ങളെല്ലാം ആവേശത്തോടുകൂടി സ്വീകരിക്കുന്ന സമയമാണിത്. ഭാവിയിലെ രാഷ്ട്രീയ പ്രവർത്തനം സംബന്ധിച്ച് പാർട്ടിയും സരിനുമായിട്ടാലോചിച്ച് ആവശ്യമായ സംഘടനാപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ തീരുമാനിക്കും. പാർട്ടിയുമായിട്ട് സഹകരിച്ച് പ്രവർത്തിക്കുക എന്നതാണ് സ്വഭാവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാപരമായിട്ടുള്ള പാർട്ടി മെമ്പർഷിപ്പിലേക്കും പാർട്ടി സംഘടനാ പ്രവർത്തനത്തിലേക്കുമൊക്കെ പൂർണമായും എത്താൻ സാധിക്കുക. മറ്റ് വർഗ്ഗ ബഹുജന പ്രസ്ഥാനവുമായിട്ടൊക്കെ ബന്ധപ്പെട്ട കാര്യങ്ങൾ സരിനുമായി ആലോചിച്ച് പാർട്ടി തീരുമാനിക്കും -എം.വി ഗോവിന്ദൻ പറഞ്ഞു.

പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായില്ലേ എന്ന ചോദ്യത്തിന് പാർട്ടി സ്വതന്ത്രൻ പാർട്ടിയുമായി സഹകരിച്ചു മുന്നോട്ടുപോകും എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. പാർട്ടിയുമായുള്ള സരിന്റെ സഹകരണം ഏതു രീതിയിലാവണം എന്നതു സംബന്ധിച്ച ചർച്ച നടന്നു എന്നാണ് സൂചന. സരിനെ തങ്ങൾ പ്രയോജനപ്പെടുത്താൻ പോകുകയാണെന്ന് ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks