Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: 2045ൽ പൂർത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിൻറെ രണ്ടാമത്തെയും അവസാനത്തേതുമായ പ്രവർത്തികൾ 2028ഓടെ പൂർത്തീകരിക്കും. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും തമ്മിലേർപ്പെടുന്ന സപ്ലിമെൻററി കൺസഷൻ കരാർ പ്രകാരമാണിത്. ഈ കരാറിന് മന്ത്രിസഭായോഗം അനുമതി നൽകി. കരട് സപ്ലിമെൻററി കൺസഷൻ കരാർ അംഗീകരിച്ചു.
ആർബിട്രേഷൻ നടപടികൾ പിൻവലിച്ചതിനെ തുടർന്നാണ് സപ്ലിമെൻററി കരാർ ആവശ്യമായി വന്നത്. നിയമ വകുപ്പിൻറെയും അഡ്വക്കറ്റ് ജനറലിൻറെയും ഉപദേശം തേടിയ ശേഷമാണ് സപ്ലിമെൻററി കരാറിന് മന്ത്രിസഭ അനുമതി നൽകിയത്. കരാർ പ്രകാരം നേരത്തേയുള്ള കരാറിൽ നിന്നു വ്യത്യസ്തമായി തുറമുഖത്തിൻറെ മുഴുവൻ ഘട്ടങ്ങളും ഇതോടെ പൂർത്തിയാകും. ഇതുവഴി 4 വർഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് അദാനി പോർട്ട് വഴിയൊരുക്കും. പദ്ധതി പൂർത്തിയാകുന്നതോടെ തുറമുഖത്തിൻറെ കുറഞ്ഞ ശേഷി 30 ലക്ഷം ടിഇയു ആവും.
കോവിഡും, ഓഖി, പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത് പദ്ധതി കാലയളവ് 5 വർഷം നീട്ടി നൽകും. പദ്ധതിക്ക് കാലതാമസം വന്നതിനാൽ പിഴയായ 219 കോടി രുപയിൽ 43.8 കോടി രൂപ സംസ്ഥാനം പിഴയായി ഇടാക്കും. ബാക്കി തുക 2028 വരെ തടഞ്ഞുവെക്കും. 2028ൽ പദ്ധതി സമ്പൂർണമായി പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ കരാർ കാലാവധി അഞ്ച് വർഷം നീട്ടിയത് റദ്ദു ചെയ്യും. തടഞ്ഞുവെച്ച തുകയും സർക്കാർ ഈടാക്കും.