29 C
Trivandrum
Tuesday, March 25, 2025

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകൾ 827

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുപ്പ് പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്രാഥമിക വിവരമനുസരിച്ച് 827 അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ക്ലാസ് മുറികളിൽ ബോഡി ഷേമിങ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്‌കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ല. അതുപോലെതന്നെ, വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് സംബന്ധിച്ച ആവശ്യങ്ങൾ ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപകരോ സ്‌കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുത്. ഇപ്പോൾ എല്ലാ രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങൾ ഉന്നയിക്കാനെന്നും മന്ത്രി നിർദേശിച്ചു.

പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ല. സ്‌കൂളുകളിൽ പഠനയാത്രകൾ, സ്‌കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. സ്‌കൂൾ പഠനയാത്രകൾ ഇപ്പോൾ വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്‌കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണം.

സ്‌കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ. അംഗങ്ങളുടെയും യാത്രാചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്‌മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്. സ്‌കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. സമ്മാനങ്ങൾ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കുന്നതിന് സ്‌കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

Recent Articles

Related Articles

Special

Enable Notifications OK No thanks