Follow the FOURTH PILLAR LIVE channel on WhatsApp
പത്തനംതിട്ട: ബി.ജെ.പിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കള്ളവാർത്തകൾ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവർ ഏതു കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
നൂറുകണക്കിനു ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ ഒരു മഹാപ്രസ്ഥാനത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവിൽ കരിവാരിത്തേക്കാൻ കഴിഞ്ഞ മൂന്നു നാലു ദിവസമായി മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകൾ കാണിക്കുന്ന ഒരുത്തനെയും വെറുതെ വിടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
തനിക്കെതിരെ മാധ്യമങ്ങൾ ചവറ് വാർത്തകളാണ് നൽകുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ ആക്ഷേപം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷമായത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.























