തിരുവനന്തപുരം: എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനോരമ നടത്തുന്ന വ്യാജ പ്രചാരവേലകൾക്കെതിരെ നിയമവിദഗ്ദരുമായി ആലോചിച്ച് നിയമ നടപടികളെടുക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. എൽ.ഡി.എഫ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമായും ചേർന്ന് ഭരിക്കുകയാണെന്ന മനോരമയുടെ പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
മലയാള മനോരമ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തകൾക്ക് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫിന് 10ഉം, യു.ഡി.എഫിന് 8ഉം അംഗങ്ങളാണുള്ളത്. മറ്റ് രാഷ്ട്രീയ കക്ഷികൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡന്റ് മരണപ്പെട്ടതിനെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലും 9 വോട്ട് നിലനിർത്തുകയാണുണ്ടായത്. എസ്.ഡി.പി.ഐ. ആവട്ടെ ഒറ്റയ്ക്ക് മത്സരിച്ച് 3 വോട്ട് നേടുന്ന നിലയാണുണ്ടായത്.
തിരുവനന്തപുരത്തെ നഗരൂർ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് വന്ന വാർത്തയും സമാനമായതാണ്. എൽ.ഡ.ിഎഫിന് 7 അംഗങ്ങളും, യു.ഡി.എഫിന് 6 അംഗങ്ങളുമാണുള്ളത്. ബി.ജെ.പിക്ക് 2 ഉം, എസ്.ഡി.പി.ഐക്ക് 1ഉം അംഗമാണുള്ളത്. സ്വതന്ത്രന്റെ പിന്തുണയോടെ എൽ.ഡി.എഫ്. ഭരണത്തിൽ വന്നു. വൈസ് പ്രസിഡന്റായ സ്വതന്ത്രൻ ഒരു കേസിൽപ്പെട്ടതിനെ തുടർന്ന് എൽ.ഡി.എഫ്. അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കോൺഗ്രസ് അംഗങ്ങൾ വിപ്പ് ലംഘിച്ച അവിശ്വാസ പ്രമേയത്തിന് അനുകുലമായി വോട്ട് ചെയ്തു. എസ്.ഡി.പി.ഐ. പിന്തുണയില്ലെങ്കിലും അവിശ്വാസം പാസ്സാകുമായിരുന്നു. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ഒരാൾ പിന്നീട് വൈസ് പ്രസിഡന്റാവുകയും ചെയ്തു. ഈ യോഗത്തിലാവട്ടെ എസ്.ഡി.പി.ഐയുടെ അംഗം പങ്കെടുത്തിരുന്നുമില്ല.
പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് 3 സ്വതന്ത്ര കൗൺസിലർമാർ വോട്ട് ചെയ്തു. എസ്.ഡി.പി.ഐയിലെ 3 പേർ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയാണ് ഉണ്ടായത്. അല്ലാതെ അവരുടെ വോട്ടുകൊണ്ട് എൽ.ഡി.എഫ്. വിജയിക്കുകയല്ല ഉണ്ടായത്.
പത്തനംതിട്ടയിലെ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ എസ്.ഡി.പി.ഐ. ആവശ്യപ്പെടാതെ എൽ.ഡി.എഫിന് പിന്തുണ നൽകി. ഇത് കാരണം രണ്ട് തവണ എൽ.ഡി.എഫ്. പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. മൂന്നാമത് തിരഞ്ഞെടുപ്പ് വന്ന അവസരത്തിൽ വീണ്ടും രാജിവെച്ചാൽ എതിരായി നിന്ന ബി.ജെ.പി. സ്ഥാനാർത്ഥി വിജയിക്കുമെന്ന് തൃശ്ശൂർ ജില്ലയിലെ ആവണിശ്ശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ബി.ജെ.പി. അധികാരത്തിൽ വരുമെന്നത് കണക്കിലെടുത്ത് രാജിവെക്കാതിരുന്നത്. വസ്തുതകൾ ഇതായിരിക്കെ കിട്ടുന്നതെന്തും വളച്ചൊടിച്ച് പാർടിക്കെതിരെ തിരിച്ചുവിടാനുള്ള ഗൂഢമായ തന്ത്രമാണ് ഇതിലൂടെ യു.ഡി.എഫും മനോരമയും നടത്തിയിട്ടുള്ളത്.
കേന്ദ്രത്തിന്റെ ശക്തമായ സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ളവ നാടിന്റെ വികസന മുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്നുണ്ടെങ്കിലും അതെല്ലാം ഉൾക്കൊണ്ട് ജനങ്ങൾ എൽ.ഡി.എഫ്. സർക്കാരിന് പിന്തുണ നൽകുന്ന സ്ഥിതിയുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ അതാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം. തകരുകയാണെന്ന് പ്രചരിപ്പിച്ച മനോരമ പോലുള്ള മാധ്യമങ്ങൾക്ക് മനപ്രയാസമുണ്ടാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.