Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റ് സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാകുവാൻ സഹായകമാകുന്ന ‘ആശ്രയ’ കാർഷിക സേവനകേന്ദ്രങ്ങൾക്ക് രൂപം നല്കി സർക്കാർ ഉത്തരവായി. സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്.
കൃഷി വകുപ്പ് നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ സഹായത്തിൽ എ.ഐ.എം.എസ്. പോർട്ടലിലൂടെ കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം മൊബൈൽ ആപ്ലിക്കേഷനായ കതിർ (കേരള അഗ്രിക്കൾച്ചർ ടെക്‌നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപോസിറ്ററി) പോർട്ടലിലൂടെയും കൃഷി വകുപ്പിന്റെ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കൃഷി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാക്കുന്നതിനായാണ് ‘ആശ്രയ’ കാർഷിക സേവന കേന്ദ്രങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
നിലവിൽ പ്രവർത്തിച്ചുവരുന്ന സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങൾ, കൃഷിശ്രീ സെന്ററുകൾ, അഗ്രോ സർവീസ് സെന്ററുകൾ, കാർഷിക കർമ്മ സേനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരിക്കും ആദ്യ ഘട്ടത്തിൽ ‘ആശ്രയ’ ഡിജിറ്റൽ കർഷക സേവന കേന്ദ്രങ്ങൾ ആരംഭിക്കുക. ഈ വർഷം കാർഷിക പ്രാധാന്യമുള്ളതും ചെറുകിട നാമമാത്ര കർഷകർ കൂടുതലുള്ളതുമായ പ്രദേശം കണ്ടെത്തി പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും ആശ്രയ കേന്ദ്രങ്ങൾ ആരംഭിക്കുക. വിജയ സാധ്യത വിലയിരുത്തിയായിരിക്കും കൂടുതൽ പ്രദേശങ്ങളിലേക്ക് ആശ്രയ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുക. ഓരോ കൃഷിഭവൻ പരിധിയിലും ഒരു കർഷക സേവന കേന്ദ്രമെന്നതാണ് ലക്ഷ്യം.
കൃഷിഭവൻ പരിധിയിൽ ലഭ്യമായിട്ടുള്ള എ.ഐ.എം.എസ്. രജിസ്‌ട്രേഷൻ, നെല്ല്/ പച്ചത്തേങ്ങ/ കൊപ്ര സംഭരണ രജിസ്‌ട്രേഷൻ, എസ്.എം.എ.എം. രജിസ്‌ട്രേഷൻ ഉൾപ്പെടെ ഇതര സാങ്കേതിക സേവനങ്ങളും കർഷകർക്ക് ഈ കേന്ദ്രം വഴി ലഭ്യമാക്കും. ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും കർഷകർക്ക് ലഭ്യമാക്കുവാൻ ആവശ്യമായ പ്രധാന സേവനകേന്ദ്രമായി പ്രവർത്തിച്ച് കർഷകരുടെ ഒരു ‘വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ’ ആയാണ് ആശ്രയ പ്രവർത്തിക്കുക. കർഷകന് സേവന കേന്ദ്രങ്ങൾ വഴി നൽകുന്ന സേവനങ്ങൾക്ക് അക്ഷയ സെന്ററുകൾക്ക് സമാനമായ ഫീസ് നിരക്ക് ഈടാക്കുന്നതാണ്. കൃഷിയിടത്തിലെത്തി നടത്തുന്ന സേവനങ്ങൾക്കും പുതിയ സേവനങ്ങൾക്കും നിരക്ക് പ്രാദേശികമായി നിശ്ചയിച്ചു നൽകും.























