Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയിൽ വ്യക്തമാക്കി. പൊലീസിൻറെ ഇടപെടലും വീഴ്ചകളുമാണ് പൂർത്തിൽ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലത്തിൽ പറഞ്ഞു.
നിഷ്‌കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി.പൂരം നടത്തിപ്പിൽ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടത്. പൊലീസ് ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പൂരം എഴുന്നള്ളിപ്പിൽ പൊലീസ് ഇടപെട്ടു. സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തു. പൊതുജനങ്ങൾക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചു. പൊലീസിൻറെ ഇടപെടൽ മൂലം മഠത്തിൽവരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കി. പൊലീസ് ബൂട്ടിട്ട് ക്ഷേത്ര പരിസരത്ത് കയറിയെന്നും തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തി.