തൃശ്ശൂർ: നാട്ടികയിൽ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചത് ലോറിയിലെ ക്ലീനറാണെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നും വ്യക്തമായി. ക്ലീനർക്ക് ലോറി ഓടിക്കാനുള്ള ലൈസൻസുണ്ടായിരുന്നില്ല. ക്ലീനറെയും ഡ്രൈവറെയും വലപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂർ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നിൽ അലക്‌സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. അലക്സ് ലോറിയിലെ ക്ലീനറാണ്. ജോസ് എന്നയാൾ വാഹനം ഓടിക്കാൻ സാധിക്കാത്ത വിധത്തിൽ മദ്യലഹരിയിലായിരുന്നു. അതിനാലാണ് ക്ലീനറായ അലക്സ് ലോറി ഓടിച്ചത്. അലക്സും മദ്യപിച്ചിരുന്നു. അതേസമയം അലക്സിന് ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരുന്നില്ല.
ഡ്രൈവർ ജോസ് പൊന്നാനിയിൽ വച്ചാണ് ക്ലീനർ അലക്‌സിന് വണ്ടി കൈമാറിയത്. പിന്നീട് ഇയാൾ ഡിവൈഡറും ബാരിക്കേഡും കാണാതെ മുന്നോട്ട് വണ്ടി എടുക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് ഉറങ്ങികിടക്കുന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഏകദേശം മൂന്നര ടണ്ണോളം ലോഡ് വാഹനത്തിൽ ഉണ്ടായിരുന്നു.
പുലർച്ചെ നാലോടെ വലിയ നിലവിളി കേട്ടാണ് നാട്ടുകാർ സംഭവമറിയുന്നത്. ഓടിയെത്തിയ നാട്ടുകാർ നാടോടി സംഘാംഗങ്ങൾ മരിച്ചു കിടക്കുന്നത് കണ്ട് പകച്ചുനിന്നു. ഉടൻ തന്നെ അവർ വലപ്പാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹങ്ങൾ പലതും ചതഞ്ഞരഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. അഞ്ചു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരുക്കേറ്റ് കിടന്നിരുന്നവരുടെ നിലയും അതീവ ഗുരുതരമായിരുന്നു. പലരെയും അംഗഭംഗം സംഭവിച്ച നിലയിലാണ് കണ്ടെത്തിയത്. പാത്രങ്ങളും ബാഗും ബക്കറ്റുമെല്ലാം റോഡിൽ ചിതറിത്തെറിച്ച നിലയിലായിരുന്നു.
ഈ പ്രദേശത്ത് കാലാകാലങ്ങളായി കഴിയുന്നവരാണ് അപകടത്തിൽപ്പെട്ട നാടോടികൾ. ഇപ്പോഴുള്ള സ്ഥലത്ത് ഇവർ തമ്പടിച്ചിട്ട് മൂന്ന് മാസത്തോളമായി. റോഡിന് മറുഭാഗത്തെ ഗ്രൗണ്ടിലാണ് ഇവർ സാധാരണ കിടന്നിരുന്നത്. എന്നാൽ തൃപ്രയാർ ഏകാദശി നടക്കുന്നതിനാൽ ഗ്രൗണ്ടിൽ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചിരുന്നു. അതിനാൽ വാഹനം വരില്ലെന്ന് ഉറപ്പമുള്ള സ്ഥലം കണ്ടെത്തി അവിടെയാണ് നാടോടികൾ ടെന്റ് അടിച്ചിരുന്നത്.
റോഡിലേക്ക് വാഹനം കയറാതിരിക്കാൻ അധികൃതർ കോൺക്രീറ്റ് ബാരിക്കേഡുകളും തെങ്ങിൻ തടികളും സ്ഥാപിച്ചിരുന്നു. കൃത്യമായ ദിശാ സൂചനകളും നൽകി. ഇവയുടെ ധൈര്യത്തിലാണ് നാടോടികൾ അവിടെത്തന്നെ ടെന്റടിച്ചത്. എന്നാൽ തടസങ്ങളെല്ലാം മറികടന്നാണ് ലോറി നാടോടി സംഘത്തിനിടയിലേക്ക് പാഞ്ഞു കയറിയത്.
അപകടമുണ്ടാക്കി നാടോടികളുടെ ജീവനെടുത്ത അപകട ശേഷവും ലോറി മുമ്പോട്ട് കുതിച്ചു. സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു മദ്യലഹരിയിലായിരുന്ന ഡൈവറുടേയും ക്ലീനറുടേയും ലക്ഷ്യം. എന്നാൽ റോഡിലെ ബ്ലോക്ക് ഇവരുടെ മുന്നോട്ടുപോക്ക് മന്ദഗതിയിലാക്കി. അതിനിടെ പിന്നാലെ എത്തിയ നാട്ടുകാർ ദേശീയ പാതയിൽ ലോറി തടഞ്ഞുനിർത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടികയിൽ ഉറങ്ങിക്കിടക്കുന്നവർക്ക് മേൽ ലോറി കയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കി. സംഭവത്തിൽ മനഃപൂർവമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്നും പഴുതുകളില്ലാതെ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.