29 C
Trivandrum
Tuesday, July 1, 2025

ചുവന്നു തുടുത്ത് യൂറുഗ്വേ; ഇടതുപക്ഷത്തിന് വമ്പൻ ജയം

Follow the FOURTH PILLAR LIVE channel on WhatsApp 

മൊണ്ടേവീഡിയോ: ലാറ്റിനമേരിക്കൻ രാജ്യമായ യൂറുഗ്വേയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വമ്പൻ ജയം. ഇടതുപക്ഷ സഖ്യം ബ്രോഡ് ഫ്രണ്ടിനെ നയിച്ച യമണ്ടു ഓർസിയാണ് യൂറുഗ്വേയെ വീണ്ടും ചുവപ്പണിയിച്ചത്. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂറുഗ്വേയിൽ ഇടതുപക്ഷം ഭരണം തിരിച്ചുപിടിക്കുന്നത്.

യാഥാസ്ഥിതിക കക്ഷിയായ നാഷണൽ പാർടിയുടെ പ്രസിഡന്റ് സ്ഥാനാർഥി അൽവാരോ ഡെൽഗാഡോയെ തറപറ്റിച്ച ഓർസി രാജ്യത്തിന്റെ പുതിയ പ്രസിഡൻറാകും. ഓർസിയുടെ വിജയം നേരത്തേ തന്നെ സർവേകൾ പ്രവചിച്ചിരുന്നു. ഇടതുപക്ഷം വീണ്ടും അധികാരത്തിലേറുമെന്നും ഓർസി പ്രസിഡന്റാകുമെന്നുമുള്ള സർവേ പ്രവചനം അക്ഷരാർത്ഥത്തിൽ ശരിയായി.

ഇതോടെ ലാറ്റിനമേരിക്കയിൽ ഇടതുപക്ഷം ഭരിക്കുന്ന 12-ാമത്തെ രാജ്യമായി യുറുഗ്വേ മാറി. ബ്രസീൽ, ചിലി, കൊളംബിയ, അർജന്റീന, ബൊളീവിയ, മെക്‌സിക്കോ, പെറു, ക്യൂബ, നിക്കരാഗ്വ, ഹോണ്ടുറാസ്, വെനസ്വേല എന്നിവയുടെ നിരയിലേക്ക് യുറുഗ്വേയും ചേർന്നു.

57കാരനായ യമണ്ടു ഓർസി മുൻ ചരിത്രാധ്യാപകനും കനെലോൺസിലെ മുൻ മേയറുമാണ്. 49.77 ശതമാനം വോട്ടുകളോടെയാണ് ഓർസി യൂറുഗ്വേയുടെ പ്രസിഡന്റാവുന്നത്. അൽവാരോ ഡെൽഗാഡോ 45.94 ശതമാനം വോട്ടുകൾ നേടി. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും രാജ്യം ഒരിക്കൽ കൂടി വിജയിക്കുന്നുവെന്നാണ് ഓർസി പ്രതികരിച്ചത്.

ഒക്ടോബർ 27 ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 44 ശതമാനം വോട്ട് ഓർസിക്ക് ലഭിച്ചപ്പോൾ ഡെൽഗാഡോ 27 ശതമാനത്തിലൊതുങ്ങിയിരുന്നു. മറ്റൊരു യാഥാസ്ഥിതിക പാർടിയായ കൊളറാഡോ പാർടി 20 ശതമാനം വോട്ടു നേടിയതാണ് ഡെൽഗാഡോക്ക് വലിയ തിരിച്ചടിക്ക് കാരണമായ മറ്റൊരു ഘടകം. രണ്ടാം ഘട്ടത്തിലും ഓർസിയെ ജനം സ്വീകരിച്ചതോടെ ഡെൽഗാഡേ നാഷണൽ പാർടിയും അധികാരത്തിൽ നിന്ന് പുറത്താകുകയായിരുന്നു.

Recent Articles

Related Articles

Special