Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: മറനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിന് മുമ്പ് നല്കിയ പിന്തുണയിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് ചേലക്കരയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസ്. ചേലക്കരയിൽ കനത്ത പരാജയം നേരിട്ടതോടെയാണ് മറുനാടനുള്ള പിന്തുണ രമ്യ പിൻവലിച്ചത്.
ചേലക്കരയിലെ തോൽവിയിൽ വ്യക്തിപരമായി അതിയായ ദുഃഖമുണ്ടെന്ന് രമ്യ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. യു.ഡി.എഫിന്റെ പ്രവർത്തകർ ആഗ്രഹിച്ച വിജയത്തിലേക്ക് എത്തിക്കാൻ കഴിയാത്തതിൽ തനിക്ക് നിരാശയുമുണ്ട്.പക്ഷേ അതിജീവിച്ചല്ലേ പറ്റൂ. ഇതൊരു ജനാധിപത്യരാജ്യമല്ലേയെന്നും രമ്യ ഹരിദാസ് ചോദിക്കുന്നു.
ഈ തിരഞ്ഞെടുപ്പുമായും അല്ലാതെയും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന വിമർശനങ്ങൾക്കു കൂടി മറുപടി പറഞ്ഞുകൊണ്ടാണ് തന്റെ പ്രയാസം രമ്യ ഹരിദാസ് പങ്കുവെക്കുന്നത്. ഈ കുറിപ്പിലൂടെയാണ് മറുനാടന് എന്ന ഓൺലൈൻ മാധ്യമത്തിന് മുമ്പ് നൽകിയ പിന്തുണയിൽ നിർവ്യാജം ഖേദം രമ്യ ഹരിദാസ് ഖേദം പ്രകടിപ്പിക്കുന്നത്.
‘ഞാൻ മറുനാടൻ എന്ന ഓൺലൈൻ മാധ്യമത്തെ സപ്പോർട്ട് ചെയ്യുന്നു എന്നതായിരുന്നു. ഇത് സംബന്ധിച്ച് ഞാൻ എന്റെ നിലപാട് ഒരിക്കൽ വ്യക്തമാക്കിയതാണ്. ഒരു ഓൺലൈൻ മാധ്യമത്തോടും എനിക്ക് മമതയോ കൂറോ ഇല്ല. അങ്ങനെ പിന്തുണയ്‌ക്കേണ്ട കാര്യവുമില്ല, ഞാൻ പിന്തുണയ്ക്കുന്നുമില്ല. അത്തരം മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ കുറിച്ച് വ്യക്തിപരമായി എനിക്ക് അത്ര നല്ല അഭിപ്രായവും അല്ല. എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കുക എന്ന ഇടതുപക്ഷത്തിന്റെ നയങ്ങൾ നടപ്പിലാക്കുന്നത് കണ്ടപ്പോഴാണ് ഓൺലൈൻ മാധ്യമ വക്താവിന്റെ ചിത്രം വെച്ച് പിന്തുണയുമായി രംഗത്തെത്തിയത്. അത് അദ്ദേഹത്തിന്റെ എല്ലാ വാർത്തകൾക്കുമുള്ള പിന്തുണയോ വ്യക്തിക്കുള്ള പിന്തുണയോ അല്ല, ആയിരുന്നില്ല. എന്റെ പ്രിയപ്പെട്ട എന്നെ സ്‌നേഹിക്കുന്നവർക്ക് അന്നത്തെ പിന്തുണ വേദന സൃഷ്ടിച്ചു എങ്കിൽ ഞാൻ നിർവ്വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ്’ -കുറിപ്പിൽ രമ്യ പറഞ്ഞു.