Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം: ഇ.പി.ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് അദ്ദേഹവുമായി കരാറുണ്ടായിരുന്നില്ലെന്ന് ഡി.സി. ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി. ആത്മകഥ അച്ചടിക്കുന്നതിന് ഇരുപക്ഷവും തമ്മില്‍ ആശയവിനിമയം മാത്രമാണ് നടന്നതെന്നും മൊഴിയില്‍ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് വൈകാതെ ഡി.ജി.പിക്ക് കൈമാറും.
ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ജയരാജന്‍ നല്കിയ പരാതിയിന്മേലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കോട്ടയം ഡി.വൈ. എസ്.പി. കെ.ജി.അനീഷിന്റെ നേതൃത്വത്തില്‍ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് 12.30നാണ് രവി എത്തിയത്. മൊഴി രേഖപ്പെടുത്തല്‍ രണ്ടുമണിക്കൂറോളം നീണ്ടു.
കരാര്‍ രേഖകള്‍ രവി ഡി.സി. ഹാജരാക്കിയിട്ടില്ല. പുസ്തകം വരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റും 170 ല്‍ അധികം വരുന്ന പേജുകളുടെ പി.ഡി.എഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും രവി അന്വേഷണസംഘത്തോടു പറഞ്ഞു
അതേസമയം, പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡി.സി. ബുക്‌സിന് ജയരാജനുമായി കരാറുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രവി ഡി.സി. മറുപടി നല്കിയില്ല. ഇ.പി.ജയരാജനുമായി ഡി.സി. ബുക്‌സിന് കരാര്‍ ഇല്ലെന്ന് ജീവനക്കാര്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.
വിവാദത്തില്‍ ഇ.പി. ജയരാജന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. തന്റെ ആത്മകഥയെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഡി.സി. ബുക്‌സിനെതിരെ ജയരാജന്‍ നിയമനടപടി സ്വീകരിച്ചിരുന്നു.