29 C
Trivandrum
Sunday, November 9, 2025

തുടർച്ചയായ നാലാം ലോക കിരീടം; വെസ്തപ്പൻ വേഗരാജാവ്

Follow the FOURTH PILLAR LIVE channel on WhatsApp 

ലാസ് വെഗാസ്‌: 2024ലെ ഫോർമുല വൺ ലോകചാമ്പ്യനായി റെഡ്ബുൾ ഡ്രൈവർ മാക്സ് വെസ്താപ്പൻ. അദ്ദേഹത്തിന്റെ തുടർച്ചയായ നാലാം കിരീടമാണിത്. 2021ൽ തന്റെ ആദ്യ ചാമ്പ്യൻഷിപ്പ് നേടിയ വെസ്തപ്പന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ലാസ് വേഗാസ് ഗ്രാൻ പ്രീയിൽ അഞ്ചാമാത് ഫിനിഷ് ചെയ്തതോടെയാണ് വെസ്താപ്പൻ 2024ലെ കിരീടമുറപ്പിച്ചത്. സീസണിൽ ഇതുവരെ എട്ട് ഗ്രാൻപ്രീകളും 13 പോഡിയം ഫിനിഷുമായി 403 പോയിന്റാണ് ഡച്ച് ഡ്രൈവറുടെ സമ്പാദ്യം.

ഖത്തർ, അബുദാബി ഗ്രാൻ പ്രീകൾ ബാക്കി നിൽക്കെയാണ് വെസ്തപ്പന്റെ കിരീടനേട്ടം. കഴിഞ്ഞ രണ്ട് സീസണുകളിലെ പോലെ അത്ര എളുപ്പമായിരുന്നില്ല വെസ്തപ്പന് ഇത്തവണത്തെ ചാമ്പ്യൻഷിപ്പ്. സീസൺ പകുതി ആയതോടെ മക്ലാറന്റെ ലാൻഡോ നോറിസ്, ഫെരാരിയുടെ ചാൾസ് ലെക്ലർക് എന്നിവരിൽ നിന്ന് റെഡ്ബുൾ ഡ്രൈവർക്ക് നല്ല വെല്ലുവിളി നേരിട്ടിരുന്നു. സീസണിന്റെ തുടക്കത്തിൽ നേടിയ വിജയങ്ങളാണ് വെസ്തപ്പനെ നാലാം ഫോർമുല വണ്ണിലേക്ക് നയിച്ചത്. സാവോ പോളോയിൽ നേടിയ വിജയവും നിർണ്ണായകമായി. ലാൻഡോ നോറിസ് (340), ചാൾസ് ലെക്ലർക് (319) എന്നിവർ തന്നെയാണ് വെസ്തപ്പന് പിന്നിലായുള്ളത്.

വ്യക്തിഗത വിഭാഗത്തിൽ വെസ്തപ്പൻ ലോക ചാമ്പ്യനായെങ്കിലും കൺസ്ട്രക്ടർമാരിലെ ജേതാക്കളെ ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. അഞ്ച് വിജയവും 19 പോഡിയം ഫിനിഷുമായി 608 പോയിന്റുള്ള മക്ലാറൻ ആണ് കൺസ്ട്രക്ടർമാരുടെ പട്ടികയിൽ ഒന്നാമതുള്ളത്. തൊട്ടുപിന്നാലെ 584 പോയിന്റുമായി ഫെരാരിയും. വെസ്തപ്പന്റെ റെഡ്ബുൾ 555 പോയിന്റുമായി മൂന്നാമതാണ്. കൺസ്ട്രക്ടർമാരിലെ വിജയികൾക്കായി അവസാന ഗ്രാൻ പ്രീ ആയ അബുദാബി വരെ കാത്തിരിക്കേണ്ടി വരും.

വെസ്തപ്പൻ അഞ്ചാമത് ഫിനിഷ് ചെയ്ത ലാസ് വേഗാസ് ഗ്രാൻപ്രീയിൽ മേഴ്സിഡസിന്റെ ജോർജ് റസൽ ഒന്നാമതെത്തി. മെഴ്സിഡസിന്റെ തന്നെ മുൻ ലോക ചാമ്പ്യൻ കൂടിയായ ലൂയിസ് ഹാമിൽട്ടണാണ് രണ്ടാമത്. ഫെറാരിയുടെ ഡ്രൈവർമാരായ കാർലോസ് സെയ്ൻസ്, ചാൾസ് ലെക്ലർക് എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks