29 C
Trivandrum
Friday, January 17, 2025

ആവർത്തിച്ച് മുഖ്യമന്ത്രി: വിമർശിച്ചത് പാണക്കാട് തങ്ങളുടെ രാഷ്ട്രീയ നിലപാടിനെ

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് തങ്ങളെയല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ജനം എൽ.ഡി.എഫിനൊപ്പം അണിനിരന്നെന്നും സി.പി.എം. കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Follow the FOURTH PILLAR LIVE channel on WhatsApp 

ജമാ അത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും വലിയ രീതിയിൽ സഹകരിപ്പിക്കാൻ ലീഗ് തയ്യാറായിരുന്നില്ല. ഇപ്പോഴാണ് തയ്യാറായത്. പാണക്കാട് തങ്ങൾക്കെതിരെയുള്ള വിമർശനമല്ല, രാഷ്ട്രീയ നിലപാടിനെതിരെയുള്ള വിമർശനമാണ് നടത്തിയത്. അദ്ദേഹം ലീഗിന്റെ പ്രസിഡന്റാണ്. സ്വാഭാവികമായും ലീഗ് എടുക്കുന്ന രാഷ്ട്രീയ നിലപാടിന്റെ പ്രധാന ഉത്തരവാദിത്തം അദ്ദേഹത്തിനാണ് വരുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലിം ബഹുജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന വ്യത്യസ്തമായ മതസംഘടനകളുണ്ട്. അവരാരും ഈ പറയുന്ന ജമാ അത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും അംഗീകരിക്കുന്നില്ല. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ അവരുടെ വോട്ടുവേണം എന്ന ചിന്തയിലാണ് സി.പി.എമ്മിന്റെ എതിരാളികൾ അവരുമായി സഹകരിക്കുന്നത്. എങ്ങനെയാണ് ഇത്തരം തീവ്രവാദ വിഭാഗങ്ങളെ അംഗീകരിക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. തിരഞ്ഞെടുപ്പിലെ വിജയമല്ല നാടിന്റെ ഭാവിയാണ് ആലോചിക്കേണ്ടത്. വർഗീയതയെ എതിർക്കാൻ കഴിയണം -അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര സമരത്തെ തള്ളിപറഞ്ഞ ആർ.എസ്.എസ്. നേതാക്കളെ ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു. ഒരു ദിവസത്തെ തോന്നൽ കൊണ്ട് ഉണ്ടാക്കിയത് അല്ല ഭരണഘടന. അതിനെ തകർക്കാനാണ് ആർ.എസ്.എസ്. ശ്രമം. കോൺഗ്രസ് ശക്തികേന്ദ്രങ്ങൾ എല്ലാം പതിയെ ബി.ജെ.പി. ശക്തികേന്ദ്രങ്ങൾ ആയി മാറുന്നു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം. ബാബറി മസ്ജിദ് തകർക്കുമ്പോൾ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോൺഗ്രസ് ആണ്. അന്ന് കേരളത്തിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഒപ്പം ആയിരുന്നു ലീഗ്. കോൺഗ്രസ് നിലപാടിനോട് എതിർപ്പ് വേണമെന്നും ലീഗിൽ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിർത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു. അന്ന് ഒറ്റപ്പാലം ഉപതിരഞ്ഞെടുപ്പ് ഉണ്ടായി. പാണക്കാട് തങ്ങൾ ഒറ്റപ്പാലത്തു പോയി. പക്ഷേ തങ്ങളെ കാണാൻ ആരും പോയില്ല. അധികാരം നിലനിർത്താൻ ചെയ്യാൻ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിൽ ലീഗ് മാറിയെന്നും പിണറായി പറഞ്ഞു.

ചേലക്കര പിടിക്കാൻ യു.ഡി.എഫ്. നന്നായി ശ്രമിച്ചില്ലേ? സർക്കാർ വിലയിരുത്തൽ എന്നല്ലേ യു.ഡി.എഫ്. പറഞ്ഞത്? എന്നിട്ട് എന്തായി?. ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ. അടക്കം സകലരെയും അണിനിരത്തിയില്ലേ?. ആകെ നോക്കിയാൽ ജനങ്ങൾ എൽ.ഡി.എഫിന് ഒപ്പം അണിനിരക്കുന്നു എന്നാണ് ഫലം പറയുന്നത്. പാലക്കാട് എൽ.ഡി.എഫ്. വോട്ടു വിഹിതം കൂട്ടാൻ കഴിഞ്ഞു. ചേലക്കരയിൽ രമ്യക്ക് ലോക്‌സഭയിൽ കിട്ടിയ വോട്ടു പോലും കിട്ടിയില്ല. എന്നാൽ എൽ.ഡി.എഫിന് വോട്ടു കൂടി. ഈ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. വലിയ തകർച്ച നേരിട്ടത് ബി.ജെ.പിക്കാണ്. പാലക്കാട് ബി.ജെ.പിയുമായുള്ള വോട്ട് അകലം കുറച്ചു. എൽ.ഡി.എഫിന് ആവേശം പകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും പിണറായി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks