Follow the FOURTH PILLAR LIVE channel on WhatsApp
പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം യശ്വസി ജയ്‌സ്വാളിന്റെ പേരില്‍ പുതിയൊരു റെക്കോഡ് പിറന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ഇടംകൈയ്യന്‍ ബാറ്റര്‍. നിലവിലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ 16 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് യശസ്വി തകര്‍ത്തത്.
55.28 ശരാശരിയില്‍ 1161 റണ്‍സാണ് യശസ്വി ഈ വര്‍ഷം നേടിയത്. 12 മത്സരങ്ങളിലെ 23 ഇന്നിങ്‌സില്‍ 2 ശതകങ്ങളും 7 അര്‍ധശതകങ്ങളുമുള്‍പ്പെടെയാണ് ഈ നേട്ടം. ശരാശരി 55.04. 2008ല്‍ 8 മത്സരങ്ങളിലെ 16 ഇന്നിങ്‌സില്‍ നിന്ന് 70.67 ശരാശരിയില്‍ 3 സെഞ്ച്വറികളും 6 അര്‍ധസെഞ്ചുറികളുമടക്കം 1134 റണ്‍സ് ഗംഭീര്‍ നേടിയിരുന്നു.
ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണ് യശസ്വി. 1,338 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് മുന്നിലുള്ളത്. ഓസ്ട്രേലിയയില്‍ നടക്കുന്ന പരമ്പരയില്‍ തന്റെ തകര്‍പ്പന്‍ ഫോം തുടരുമ്പോള്‍ റൂട്ടിന്റെ നേട്ടം മറികടക്കാനാണ് ഇന്ത്യന്‍ ഓപ്പണര്‍ ലക്ഷ്യമിടുന്നത്.