Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: നിയസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ഭരണത്തുടർച്ച. മഹാരാഷ്ട്രയിൽ ബി.ജെ.പി. നേതൃത്വത്തിലുള്ള മഹായുതി സഖ്യം വൻവിജയം കരസ്ഥമാക്കി. ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം.) നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലോക്ക് ഝാർഖണ്ഡിൽ വീണ്ടും അധികാരത്തിലെത്തി.
മഹാരാഷ്ട്രയിൽ ബി.ജെ.പി., ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവയുൾപ്പെട്ട മഹായുതി സഖ്യം 288 നിയമസഭാ സീറ്റുകളിൽ 235 സീറ്റുകൾ നേടി. ബി.ജെ.പിക്ക് ഒറ്റയ്ക്ക് 132 സീറ്റുകളുണ്ട്. ശിവസേന -ഏകനാഥ് ഷിൻഡെ വിഭാഗത്തിന് 57 സീറ്റുകളും എൻ.സി.പി. -അജിത് പവാർ വിഭാഗത്തിന് 41 സീറ്റുകളും ലഭിച്ചു. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാടി 36 സീറ്റിലൊതുങ്ങി. ശിവസേന -ഉദ്ദവ് താക്കറെ വിഭാഗത്തിന് 20 സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസ് 16 സീറ്റിലും എൻ.സി.പി. -ശരദ് പവാർ വിഭാഗം 10 സീറ്റിലുമൊതുങ്ങി. നിലവിലെ സർക്കാരിലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.
ഝാർഖണ്ഡിൽ ആകെയുള്ള 81 നിയമസഭാ സീറ്റുകളിൽ 56ഉം ജെ.എം.എമ്മും സഖ്യകക്ഷികളും നേടി. ജെ.എം.എം. 34, കോൺഗ്രസ് 16, ആർ.ജെ.ഡി. 4, സി.പി.ഐ.-എം.എൽ. -2 എന്നിങ്ങനെയാണ് സീറ്റു നില. ഇവിടെ ഹേമന്ദ് സോറൻ മുഖ്യമന്ത്രിയായി തിരിച്ചെത്തും. എൻ.ഡി.എ. സഖ്യത്തിൽ ബി.ജെ.പിക്ക് 21 സീറ്റ് ലഭിച്ചു. എ.ജെ.എസ്.യു, ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ജനതാദൾ-യു എന്നിവ ഓരോ സീറ്റു വീതം നേടി. ഝാർഖണ്ഡിൽ ആദ്യമായാണ് ഒരു മുന്നണി തുടർവിജയം നേടുന്നത്.