തിരുവനന്തപുരം: വയനാട് പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ.് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്കും പാലക്കാട്ട് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി യു.ആർ.പ്രദീപിനും മിന്നും വിജയം. വയനാട്ടിൽ വ്യക്തമായ ആധിപത്യം കാഴ്ചവച്ചായിരുന്നു തുടക്കം മുതൽ പ്രിയങ്കയുടെ തേരോട്ടം. പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില മാറിമറിഞ്ഞെങ്കിലും ഒടുവിൽ വമ്പൻ വിജയത്തിലേക്ക് രാഹുൽ എത്തി. ഷാഫിയുടെ ഭൂരിപക്ഷം മറികടന്നാണ് രാഹുലിന്റെ വിജയം. ചേലക്കരയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി യു.ആർ.പ്രദീപ് ഇടത് കോട്ട കാത്തു.
Follow the FOURTH PILLAR LIVE channel on WhatsApp
വയനാട്ടിൽ ലോക്‌സഭ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം പ്രിയങ്ക മറികടന്നു. നിലവിലെ കണക്കുകൾ പ്രകാരം പ്രിയങ്കയുടെ ലീഡ് 4,04,619 ആണ്. 6,12,020 വോട്ടുകളാണ് പ്രിയങ്ക നേടിയത്. തൊട്ടുപിന്നിലുള്ള എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിക്ക് 2,07,401 വോട്ടുകളും ബി.ജെ.പിയുടെ നവ്യ ഹരിദാസിന് 1,08,080 വോട്ടുകളും ലഭിച്ചു. വോട്ടെണ്ണൽ തുടങ്ങി രണ്ടര മണിക്കൂർ പിന്നിടുമ്പോൾ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്കയുടെ കുതിപ്പായിരുന്നു. കഴിഞ്ഞ തവണ 3,64,111 വോട്ടുകൾക്കാണ് രാഹുൽ ജയിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
പാലക്കാട്ടെ ബി.ജെ.പി. കോട്ടകൾ പൊളിച്ചടുക്കിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും യു.ഡി.എഫ്. സ്ഥാനാർഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ആധികാരിക വിജയം. നഗരമേഖലയിൽ ബി.ജെ.പി. ആധിപത്യം കാണിച്ചെങ്കിലും ആദ്യ മണിക്കൂറുകളിലെ വെല്ലുവിളി മറികടന്ന് രാഹുൽ കുതിപ്പ് തുടരുകയായിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നഗരസഭയിൽ ഇത്തവണ വോട്ട് കുറഞ്ഞത് ബി.ജെ.പിക്ക് തിരിച്ചടിയായി. കോൺഗ്രസ് വിട്ടുവന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന എൽ.ഡി.എഫ്. കണക്കുകൂട്ടലകൾ പിഴച്ചു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷയും മങ്ങി.
പാലക്കാട് നിലവിലെ എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിൻറെ ഭൂരിപക്ഷം മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചു കയറിയത്. 18,715 വോട്ടിൻറെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് രാഹുൽ നിലനിർത്തി. രാഹുൽ 58,389 വോട്ടും എൻ.ഡി.എയുടെ സി.കൃഷ്ണകുമാർ 39,549 വോട്ടും എൽ.ഡി.എഫ്. സ്വതന്ത്രൻ ഡോ.പി.സരിൻ 37,293 വോട്ടും നേടി. 2021ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ഇ.ശ്രീധരനെ 3,925 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്. 2016ലെ തിരഞ്ഞെടുപ്പിൽ ഷാഫിക്ക് 17,483 വോട്ടായിരുന്നു ഭൂരിപക്ഷം. ഈ ഭൂരിപക്ഷമാണ് ഇക്കുറി രാഹുൽ മറികടന്നത്.
ചേലക്കരയിൽ യു.ആർ.പ്രദീപ് ജയിച്ചുകയറിയത് ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാറിനും ഏറെ ആശ്വാസമായി. കഴിഞ്ഞ തവണ കെ.രാധാകൃഷ്ണൻ നേടിയ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാൻ ചേലക്കര ജയം ഇടതിന് സഹായകമാകും.
12,122 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ആർ.പ്രദീപ് രണ്ടാംവണയും ചേലക്കരയുടെ എം.എൽ.എയായത്. 64,259 വോട്ടാണ് പ്രദീപിന് ലഭിച്ചത്. അതേസമയം, ലോക്‌സഭയിലെ തോൽവിയുടെ ക്ഷീണം നിയമസഭയിൽ മാറ്റാമെന്നുള്ള യു.ഡി.എഫ്. സ്ഥാനാർഥി രമ്യ ഹരിദാസിൻറെ പ്രതീക്ഷകൾ അസ്തമിച്ചു. 52,137 വോട്ടുകൾ രമ്യക്ക് ലഭിച്ചു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ച് ജയിച്ചപ്പോൾ മണ്ഡലത്തിലുൾപ്പെടുന്ന ചേലക്കരയിലെ ഇടതുകോട്ടകളെയും രമ്യ ഹരിദാസ് ഞെട്ടിച്ചിരുന്നു. എന്നാൽ, ഇത്തവണ ആ പ്രതീക്ഷകൾ അസ്ഥാനത്തായി. എൻ.ഡി.എ സ്ഥാനാർഥി കെ.ബാലകൃഷ്ണൻ 33,354 വോട്ട് നേടി. തിരഞ്ഞെടുപ്പിൽ ശക്തിതെളിയിക്കാനുള്ള പി.വി.അൻവർ എം.എൽ.എയുടെ നീക്കത്തിനും കനത്ത തിരിച്ചടി നേരിട്ടു. അദ്ദേഹത്തിന്റെ ഡി.എം.കെ. സ്ഥാനാർഥി എൻ.കെ.സുധീറിന് 3,909 വോട്ടുകൾ മാത്രമാണ് പിടിക്കാനായത്.
2016ലെ തന്റെ തന്നെ ഭൂരിപക്ഷം മറികടന്നുള്ള വിജയമാണ് പ്രദീപ് നേടിയത്. 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്. സ്ഥാനാർഥി കെ.എ.തുളസിയെ അന്ന് പരാജയപ്പെടുത്തിയത്. ചേലക്കരയിൽ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണൻ 39,400 വോട്ടിൻറെ ഭൂരിപക്ഷം നേടിയിരുന്നു.