ഷില്ലോങ്: ക്രിക്കറ്റിലെ വെടിക്കെട്ടു വീരനായ അച്ഛന്റെ വഴിയേ മകന്റെ വെടിക്കെട്ട്. വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗാണ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കാണികളുടെ മനം കവർന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
ദേശീയ അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റായ കൂച്ച് ബിഹാർ ട്രോഫിയിൽ പിതാവിന്റെ പാരമ്പര്യത്തിനൊപ്പം പടനയിച്ച ആര്യവീർ തന്റെ പകിട്ടു മുഴുവൻ ക്രിക്കറ്റ് ലോകത്തിനു മുമ്പാകെ പുറത്തെടുത്തു. മേഘാലയക്കെതിരെ ഡൽഹിക്കുവേണ്ടി കളത്തിലിറങ്ങിയ മിടുക്കൻ ഒന്നാമിന്നിങ്‌സിൽ 297 റൺസ് അടിച്ചുകൂട്ടി. 309 പന്തുകൾ നേരിട്ട് 51 ഫോറും മൂന്നു സിക്‌സറുമുതിർത്തായിരുന്നു ആ മാസ്മരിക ഇന്നിങ്‌സ്.
ആര്യവീറിന്റെ പ്രഹരശേഷി 96.12 ആയിരുന്നു. ആ മികവിൽ ഒന്നാമിന്നിങ്‌സിൽ ഡൽഹി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 623 റൺസെടുത്ത് ഡിക്ലയർ ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ റെക്കോർഡ് സ്‌കോറായ 319 റൺസ് മറികടന്നാൽ മക്കൾക്ക് ഫെരാറി കാർ സമ്മാനിക്കുമെന്ന് വീരേന്ദർ സെവാഗ് ഒമ്പതു വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. അന്ന് ആര്യവീറിന് പ്രായം ആറു വയസ്സ്. ഷില്ലോങ്ങിലെ എം.സി.എ സ്റ്റേഡിയത്തിൽ 15-ാം വയസ്സിൽ സെവാഗിന്റെ മൂത്ത പുത്രനായ ആര്യവീർ ആ ഫെരാറിയുടെ വിളിപ്പാടകലെ എത്തി. മൂന്നു റൺസിന് ട്രിപ്പിൾ സെഞ്ച്വറി നഷ്ടമായ ആര്യവീർ പിതാവിന്റെ റെക്കോഡിന് 23 റൺസകലെയാണ് പുറത്തായത്.
ഫെരാറിയുടെ കാര്യം വീരേന്ദർ സെവാഗ് തന്നെയാണ് എക്‌സ് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചത്. ‘നന്നായി കളിച്ചു ആര്യവീർ. ഫെരാറി നഷ്ടമായത് 23 റൺസിനാണ്. എന്നാലും നീ മികവുറ്റ പ്രകടനം പുറത്തെടുത്തു. ഈ തീ അണയാതെ സൂക്ഷിക്കുക. ഇനിയും കൂടുതൽ സെഞ്ച്വറികളും ഡബ്ൾ സെഞ്ച്വറികളും ട്രിപ്പ്ൾ സെഞ്ച്വറികളുമൊക്കെ നേടാൻ കഴിയട്ടെ. കളിച്ച് മുന്നേറൂ..’ -സെവാഗ് കുറിച്ചു.
ബുധനാഴ്ച ആരംഭിച്ച ചതുർദിന മത്സരത്തിൽ ഒന്നാമിന്നിങ്‌സിൽ മേഘാലയ 260 റൺസെടുത്ത് പുറത്തായിരുന്നു. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി രണ്ടാം ദിവസമായ വ്യാഴാഴ്ച സ്റ്റംപെടുക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 468 റൺസെന്ന അതിശക്തമായ നിലയിലായിരുന്നു. പിതാവിനെപ്പോലെ ഓപണറായിറങ്ങിയ ആര്യവീർ വ്യാഴാഴ്ച 229 പന്തിൽ 200 റൺസുമായി പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റിൽ അർണവ് എസ്.ബഗ്ഗയുമൊത്ത് 180 റൺസ് കൂട്ടുകെട്ടിൽ ആര്യവീർ പങ്കാളിയായിരുന്നു. വെള്ളിയാഴ്ച 200 റൺസിൽ ബാറ്റിങ് തുടർന്ന താരം ട്രിപ്പ്ൾ സെഞ്ച്വറി തികക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ആർ.എസ്.റാത്തോറിന്റെ പന്തിൽ ക്ലീൻബൗൾഡായത്. അർണവ് ബഗ്ഗയും (114) ധന്യ നക്‌റയും (130) ഡൽഹി ഇന്നിങ്‌സിൽ സെഞ്ച്വറി നേടി.