കണ്ണൂർ: ആത്മകഥ വിവാദത്തിൽ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്.
പുസ്തക വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. ഇ.പി.ജയരാജന്റേതെന്ന പേരിൽ ആത്മകഥ പുറത്തുവന്ന സംഭവവുമായി ബന്ധപ്പെട്ട് ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങിയതായി കോട്ടയം എസ്.പി. ഷാഹുൽ ഹമീദ് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ജയരാജന്റെ മൊഴി രേഖപ്പെടുത്തുമെന്നും എസ്.പി. അറിയിച്ചിരുന്നു. അതാണ് വ്യാഴാഴ്ച പൂർത്തിയാക്കിയത്.
പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ജയരാജനും ഡിസി ബുക്സും തമ്മിൽ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തന്റേതല്ലെന്ന വാദത്തിൽ ജയരാജൻ ഉറച്ചുനിന്നു എന്നറിയുന്നു.
ഡി.സി.ബുക്‌സിനെതിരെ ജയരാജൻ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ആത്മകഥയിൽ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി. അതിലേക്കു നയിച്ച കാര്യങ്ങൾ ജയരാജൻ വിശദമായി തന്നെ പൊലീസിനോടു പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് ഡി.സി. ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.