Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് യു.പി. സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. കെട്ടിടം കാലപ്പഴക്കം ചെന്ന് ജീര്‍ണാവസ്ഥയില്‍ ആയിരുന്നു. സ്‌കൂള്‍ സമയമല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.
ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. ഇതോടെ ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു.
കുട്ടികള്‍ കളിക്കുന്ന സ്ഥലത്താണ് കെട്ടിടം തകര്‍ന്നുവീണത്. ഞായറാഴ്ച സ്‌കൂള്‍ അവധിയായതിനാലാണ് വലിയ അപകടം ഒഴിവായത്. സ്‌കൂള്‍ കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥയെക്കുറിച്ച് വാര്‍ഡ് മെമ്പര്‍ സ്‌കൂള്‍ മാനേജരോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
തകര്‍ന്ന കെട്ടിടം സ്‌കൂള്‍ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. ഇവിടെ ഉപയോഗശൂന്യമായ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു.
കെട്ടിടം തകര്‍ന്നുവീണത് സമീപത്തുള്ള വീടിന്റെ ഒരു ഭാഗത്തേക്കാണ്. ഇവിടെ ഒരു കോഴിക്കൂടം ശവക്കല്ലറയുമുണ്ടായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴികള്‍ മുഴുവന്‍ ചത്തു.