29 C
Trivandrum
Tuesday, February 11, 2025

പരാജയ ഭയം മുലം യു.ഡി.എഫ്. ദുഷ്പ്രചാരണത്തിലെന്ന് ബാലഗോപാൽ

തിരുവനന്തപുരം: മുസ്ലീംലീഗിന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടിയതിനെ പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ വ്യക്തിപരമായ വിമർശനമായി കാട്ടിയുള്ള ദുഷ്പ്രചാരണത്തിലൂടെ യു.ഡി.എഫ്. നേതാക്കളുടെ പരാജയ ഭയമാണ് പുറത്തുവരുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വൻഅട്ടിമറി ഭയക്കുന്ന പ്രതിപക്ഷ നേതാവും സംഘവും നുണപ്രചാരണത്തിലൂടെ രക്ഷാകവചം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്ട് കോൺഗ്രസിനൊപ്പം കൂടിയ ബി.ജെ.പി. നേതാവ് സന്ദീപ് വാര്യരെ മഹത്വവത്കരിക്കുന്നത് യു.ഡി.എഫിന്റെ വെപ്രാളവും ജാള്യവും മൂലമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചുണ്ടിക്കാട്ടിയത്. കോൺഗ്രസിലെത്തിയ ആർ.എസ്.എസുകാരന്റെ ഇന്നലെ വരെയുള്ള നിലപാടുകൾ മതനിരപേക്ഷ ചിന്താഗതിക്കാർക്കും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കുമെല്ലാം നല്ലതുപോലെ അറിയാവുന്നതാണ്. അവരിലെല്ലാമുള്ള അമർഷവും പ്രതിഷേധവും ശമിപ്പിക്കാൻ പാണക്കാടുപോയി രണ്ടുവർത്തമാനം പറഞ്ഞാലാകുമോ എന്ന നോട്ടത്തിന്റെ ഭാഗമായിരുന്നു സന്ദീപ് വാര്യരുടെ മലപ്പുറം സന്ദർശനമെന്നതും മുഖ്യമന്ത്രി തുറന്നുപറഞ്ഞു.

മുസ്ലീംലീഗ് ജമാഅത്തെ ഇസ്ലാമിയുടെ ആശയ തടങ്കലിലാണെന്നത് പുതിയ കാര്യമല്ല. അക്കാര്യം മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കുകയായിരുന്നു. അത് വലിയ കുറ്റമായിപ്പോയി എന്നാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് അടക്കമുള്ള യു.ഡി.എഫ്. നേതാക്കൾ പ്രചരിപ്പിക്കാൻ നോക്കുന്നത്. ഇക്കാര്യം മുമ്പും സി.പി.എം. പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ രാഷ്ട്രീയ വിമർശനത്തിനുള്ള മറുപടിയായി മതപരമായ വിശദീകരണത്തിനാണ് ലീഗ് നേതാക്കൾ ശ്രമിക്കുന്നത്.

രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റായ സാദിഖലി തങ്ങൾക്കെതിരെ ഉയർത്തിയ രാഷ്ട്രീയ വിമർശനത്തിനുള്ള മറുപടിയിൽ മതപരമായ വിശദീകരണം കലർത്തുന്നത് എന്തിനാണെന്ന് കേരളത്തിലെ മതനിരപേക്ഷ ജനസമുഹം മനസിലാക്കുന്നുണ്ട്. മതവികാരം ആളിക്കത്തിച്ച് ഉപതെരഞ്ഞെടുപ്പിൽ നാലുവോട്ട് തരപ്പെടുത്താമെന്ന യുഡിഎഫ് നേതാക്കളുടെ വ്യാമോഹം പാലക്കാട്ടെ പ്രബുദ്ധരായ വോട്ടർമാർ തള്ളിക്കളയുമെന്ന് ഉറപ്പാണെന്നും ബാലഗോപാൽ പറഞ്ഞു.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks