ഇംഫാൽ: മണിപ്പുരിൽ ബി.ജെ.പി. സഖ്യ സർക്കാരിൽ നിന്ന് കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി.) പിന്മാറി. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് എൻ.പി.പി. ഏഴ് എം.എൽ.എമാരാണ് പാർട്ടിക്കുള്ളത്. സംസ്ഥാനത്തെ സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിൽ ബീരേൻ സിങ് സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ചാണ് പിന്മാറ്റം.
Follow the FOURTH PILLAR LIVE channel on WhatsApp
സംസ്ഥാനത്തെ നിലവിലുള്ള ക്രമസമാധാന സാഹചര്യങ്ങളിൽ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് സർക്കാരിനുള്ള പിന്തുണ എൻ.പി.പി. പിൻവലിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂർണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി. അധ്യക്ഷൻ ജെ.പി.നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തിൽ എൻ.പി.പി തുറന്നടിച്ചു.
പ്രധാനപ്പെട്ട സഖ്യകക്ഷിയെ നഷ്ടപ്പെട്ടുവെങ്കിലും ബി.ജെ.പി സർക്കാരിന്റെ നിലനിൽപ്പിനെ ഇത് ബാധിക്കില്ല. 60 അംഗ മണിപ്പൂർ നിയമസഭയിൽ ബി.ജെ.പിക്ക് 37 അംഗങ്ങളാണുള്ളത്. 31 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജനതാദൾ യുണൈറ്റഡിന്റെ ഒരു എം.എൽ.എ, നാഗാ പീപ്പിൾസ് ഫ്രണ്ടിലെ അഞ്ച് എം.എൽ.എമാർ, മൂന്ന് സ്വതന്ത്ര എം.എൽ.എമാർ എന്നിവരുടെ പിന്തുണയും ബി.ജെ.പിക്കുണ്ട്.