2024 നവംബർ എട്ടിനു തുടങ്ങിയ ഇന്ത്യ -ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പര ആരംഭിക്കുന്നതിനു മുമ്പേ ശ്രദ്ധേയമായിരുന്നു. നാലു മാസം മുമ്പു നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലിൽ അവസാന ഓവറിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്ന് ലോക ജേതാക്കളാകുന്നത്. അതിനു ശേഷം ഇരു രാജ്യങ്ങളും നേരിട്ട് ഏറ്റുമുട്ടുന്ന ആദ്യ പരമ്പര, ഇന്ത്യൻ ടീമിന് ന്യൂസീലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പരയിൽ നേരിട്ട വമ്പൻ തോൽവി എന്നിവ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ഈ നാലു മത്സര പരമ്പരയെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.
Follow the FOURTH PILLAR LIVE channel on WhatsApp
പരമ്പരയിലെ ആദ്യ മത്സരം ഡർബനിലെ കിങ്സ്മെയ്ഡ് സ്റ്റേഡിയത്തിലായിരുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുത്തു. നാലാം ഓവറിൽ ഇന്ത്യൻ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ്മയുടെ വിക്കറ്റ് ലഭിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ നായകൻ ഐഡൻ മാർക്രം കരുതിയത് ഇതൊരു മികച്ച തുടക്കമാകുമെന്നാണ്. എന്നാൽ അവിടം മുതൽ മലയാളി താരം സഞ്ജു സാംസണിന്റെ താണ്ഡവം ആരംഭിക്കുകയായിരുന്നു. രണ്ടാമത്തെ ഓവറിൽ മാർക്രത്തിനെതിരെ ആദ്യ ബൗണ്ടറി നേടിയ സഞ്ജു ടോപ് ഗിയറിൽ എത്തുന്നത് അഭിഷേക് ശർമയുടെ വിക്കറ്റ് പോയതിനു ശേഷമാണ് . അഞ്ചാം ഓവർ എറിയാൻ നിയോഗിക്കപ്പെട്ട മാർക്കോ യാൻസനെ സിക്‌സും ഫോറും പായിച്ച് സ്‌കോറിങ് വേഗം കൂട്ടിയ സഞ്ജു തന്റെ കരിയറിലെ രണ്ടാമത്തെ ശതകത്തിലാണ് ആ ഇന്നിങ്സ് അവസാനിപ്പിച്ചത്. തുടർച്ചയായ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു സഞ്ജു സാംസൺ അവിടെ നേടിയത്. ഒരു ഇന്ത്യൻ താരം ആദ്യമായിട്ടാണ് തുടർച്ചായി രണ്ടു ട്വന്റി 20 മത്സരങ്ങളിൽ സെഞ്ച്വറി നേടുന്നത് എന്ന പ്രത്യേകത കുടി ആ ശതകത്തിനുണ്ടായിരുന്നു. സഞ്ജുവിന് മുമ്പ് അന്താരാഷ്ട്ര തലത്തിൽ മൂന്ന് പേർക്ക് മാത്രമാണ് ആ നേട്ടം കരസ്ഥമാകാനായത്. സഞ്ജുവിന്റെ സെഞ്ച്വറി മാറ്റി നിർത്തിയാൽ 18പന്തിൽ 33 റൺസ് നേടിയ തിലക് വർമ്മ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. അവർക്ക് രണ്ടുപേർക്കും പുറമെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും റിങ്കു സിങ്ങും മാത്രമാണ് രണ്ടക്കം കണ്ടത്. പതിനാറാം ഓവറിൽ 50 പന്തിൽ 107 റണ്ണുമായി സഞ്ജു പുറത്തായതിന് ശേഷം ഇന്ത്യ അധികം റൺ നേടിയില്ല. ബാക്കിയുള്ള നാല് ഓവറിൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റ് എടുത്ത് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട രീതിയിൽ ആദ്യ പകുതി അവസാനിപ്പിച്ചു.
203 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിൽ തന്നെ പിഴച്ചു. നായകൻ മാർക്രം എട്ട് റൺസ് മാത്രമെടുത്ത് പുറത്തായി. ആർഷ്ദീപ് സിങ്ങിന്റെ പന്തിൽ സഞ്ജു സാംസണിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. അത് ഒരു തുടക്കമായിരുന്നു. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ സ്പിന്നർമാരായ വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും മികച്ച പ്രകടനം കാഴ്ചവെച്ചു. ദക്ഷിണാഫ്രിക്കൻ താരങ്ങളെ ക്രീസിൽ നിലയുറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. 25 റൺസ് എടുത്ത ഹെയിൻറിക് ക്ലസ്സെനാണ് ടോപ് സ്കോറർ. അതുകൊണ്ടു തന്നെ 17.5 ഓവറിൽ 141 റൺസിൽ ദക്ഷിണാഫ്രിക്കൻ മറുപടി അവസാനിച്ചു. ഇന്ത്യക്ക് 61 റൺസിന്റെ ഉഗ്രൻ വിജയം. കളിയിലെ താരം സഞ്ജു സാംസൺ.
രണ്ടാമത്തെ മത്സരം പരാജയെപ്പെട്ടാൽ പരമ്പര നഷ്ടമാകുമെന്ന വ്യകത്മായ ബോധ്യത്തോടെയാണ് തുറമുഖ നഗരമായ കേബഹയിൽ ദക്ഷിണാഫ്രിക്ക മത്സരത്തിനെത്തുന്നത്. ടോസ് നേടിയ ആതിഥേയർ ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. എന്നാൽ ആദ്യ മത്സരത്തിലെ പോലെ സുഖകരമായ മത്സരമായിരുന്നില്ല ഇന്ത്യക്കിത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ റൺ ഒന്നുമെടുക്കാതെ കഴിഞ്ഞ കളിയിലെ താരം സഞ്ജു സാംസൺ പുറത്തായി. തൊട്ട് പിന്നാലെ രണ്ടാം ഓവറിൽ അഭിഷേക് ശർമ്മയും നാലാം ഓവറിൽ നായകൻ സൂര്യ കുമാർ യാദവും പുറത്തായി. ബാറ്റിങ് അതീവ ദുഷ്‌കരമായ കേബഹ സ്റ്റേഡിയത്തിൽ യുവതാരം തിലക് വർമയും ഓൾറൗണ്ടർ അക്ഷർ പട്ടേലുമാണ് ഇന്ത്യയെ രക്ഷാപ്രവർത്തനം നടത്തി കരയ്ക്കടുപ്പിച്ചത്. അതിനു ശേഷം സൂപ്പർ താരം ഹാർദിക് പാണ്ഡ്യയും ഇന്ത്യക്കു വേണ്ടി നന്നായി കളിച്ചു. എന്നിരുന്നാലും 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് മാത്രമായിരുന്നു ഇന്ത്യക്ക് നേടാനായത്. 45 പന്തിൽ 39 റൺസ് നേടിയ പാണ്ഡ്യയാണ് ഏറ്റവും കൂടുതൽ റൺസ് നേടിയത്. മൂന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും മികച്ചതായിരുന്നില്ല മൂന്നാമത്തെ ഓവറിൽ ഓപ്പണിങ് ബാറ്റർ റയാൻ റിക്കൽട്ടൻ ആർഷ്ദീപ് സിങ്ങിന്റെ പന്തിൽ പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ത്തി. സ്പിൻ ബൗളറായ വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ ആക്രമണത്തിന് നേതൃത്വം കൊടുത്തത്. അഞ്ച് വിക്കറ്റുകൾ നേടിയ വരുൺ ചക്രവർത്തിയുടെ മികവിൽ ദക്ഷിണാഫ്രിക്കയെ 86 റൺസിന് 7 വിക്കറ്റ് നിലയിലേക്ക് ഇന്ത്യ എത്തിച്ചു. സ്പിൻ ബൗളിങ്ങിനെ നേരിടാൻ ദുഷ്‌കരമായ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാരായ ചക്രവർത്തിയുടെയും ബിഷ്ണോയിയുടെയും ഓവറുകൾ അതോടെ അവസാനിച്ചിരുന്നു. അപ്പോൾ 24 പന്തിൽ 36 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ട്രിസ്റ്റൻ സ്റ്റബ്ബ്സും ജറാൾഡ് കോട്സെയുമായിരുന്നു ക്രീസിൽ. സമചിത്തയോടെ ബാറ്റ് വീശിയ ഇരുവരും ആറ് പന്ത് ബാക്കിനിൽക്കേ ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ചു. ഇന്ത്യൻ സ്പിൻ ബൗളറായ അക്സർ പട്ടേലിന് മൂന്ന് ഓവർ ബാക്കിയുണ്ടായിരുന്നു. സ്പിൻ ബൗളറിനെ നേരിടാൻ ദുഷ്‌കരമായ പിച്ചിൽ പട്ടേലിന് ഒരു അവസരം കൊടുത്തിരുന്നെങ്കിൽ മത്സരഫലം മാറിയേനെ എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു. സമചിത്തതയോടെ ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ച ട്രിസ്റ്റൻ സ്റ്റബ്ബ്സ്സാണ് കളിയിലെ താരം
പരമ്പരയിൽ അതിനിർണായകമായ മൂന്നാമത്തെ മത്സരം സെഞ്ചൂറിയന്‍ നഗരത്തിലാണ് നടന്നത്.തുടർച്ചയായ മൂന്നാം മത്സരത്തിലും ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ രണ്ടു മത്സരത്തിലെയും ടീമിൽ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ കളിച്ചത്. ബൗളർ ആവശ് ഖാന് പകരം ഓൾറൗണ്ടർ രമൻദീപ് സിങ്ങിന് അവസരം നൽകി. രണ്ടാമത്തെ മത്സരം പോലെ തന്നെ നിരാശാജനകമായിട്ടായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറിൽ രണ്ടാം പന്തിൽ സഞ്ജു സാംസൺ പുറത്തായി. തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിനാണ് മലയാളി താരം പുറത്തായത് . സഞ്ജുവിന് പകരം ക്രീസിൽ എത്തിയത് തിലക് വർമ്മയാണ്. സാധാരണ മൂന്നാമതായി ബാറ്റിങ്ങിന് എത്താറുള്ള നായകൻ സൂര്യകുമാർ യാദവിന് പകരം സ്ഥാനക്കയറ്റം കിട്ടിയ തിലക് വർമ്മ വന്നത് കളിയുടെ ഗതിയെ തന്നെ മാറ്റി. അഭിഷേക് ശർമ്മയും തിലക് വർമ്മയും ചേർന്ന് മികച്ച രീതിയിൽ സ്‌കോറിനെ മുന്നോട്ടു കൊണ്ടുപോയി. അർദ്ധ സെഞ്ച്വറി നേടിയ ശേഷം അഭിഷേക് ശർമ്മ പുറത്തായെങ്കിലും ഒരറ്റം മികച്ച രീതിയിൽ കാത്തുസൂക്ഷിച്ച തിലക് വർമ്മ തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി മൂന്നാം ട്വന്റി 20യിൽ നേടി. തിലക് വർമ്മയുടെ ശതകത്തിന്റെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടി
220 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞ രണ്ടു മത്സരത്തിലെ പോലെ തുടക്കത്തിൽ വിക്കറ്റ് നഷ്ടമായി. തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യക്കായി ആദ്യ വിക്കറ്റ് നേടിയത് ആർഷ്ദീപ് സിങ്ങായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് എടുത്ത് ഇന്ത്യക്ക് മുൻതൂക്കം നൽകി. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ഹെയ്ൻറിക് ക്ലാസ്സനാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത് പിന്നീട് ആൾറൗണ്ടർ മാർകോ യാൻസനും മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെങ്കിലും ആർഷ്ദീപ് സിങ്ങിന്റെ രണ്ട് മികച്ച ഓവറുകൾ കളിയുടെ ഗതി തന്നെ മാറ്റി. ക്ലാസ്സന്റെയും യാൻസന്റെയും വിക്കറ്റുകൾ എടുത്തുകൊണ്ട് ദക്ഷിണാഫ്രിക്കൻ മറുപടി പൂർണമായും അവസാനിപ്പിച്ചത് ആർഷ്ദീപിൻറെ പന്തുകളാണ്. 22 പന്തിൽ 41 റൺസെടുത്ത ക്ലാസ്സനും 17 പന്തിൽ 54 റൺസെടുത്ത യാൻസനും നടത്തിയ പോരാട്ടമൊഴിച്ചാൽ ദക്ഷിണാഫ്രിക്കൻ മറുപടി ശുഷ്‌കമായിരുന്നു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 208 റൺസിന് ഇന്നിങ്ങ്സ് അവസാനിച്ചു . ഇന്ത്യ 11 റൺസിന് വിജയിച്ചു. സെഞ്ച്വറി നേടിയ തിലക് വർമ്മയായിരുന്നു കളിയിലെ താരം.
പരമ്പര ഇനി നഷ്ടമാകില്ല എന്ന പൂർണ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ നാലാമത്തെയും അവസാനത്തെയും മത്സരത്തിന് തയ്യാറായത്. ഏതു വിധേനയും പരമ്പര സമനിലയിലെങ്കിലും എത്തിക്കണം എന്ന വാശിയോടെയാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക ജൊഹാനസ്ബർഗിലെ അവസാന മത്സരത്തിന് എത്തിയത്.കഴിഞ്ഞ മൂന്ന് മത്സരങ്ങൾക്കു വിപരീതമായി ടോസിന്റെ ഭാഗ്യം ഇന്ത്യയുടെ കൂടെയായിരുന്നു. ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. തുടർച്ചയായി രണ്ട് മത്സരത്തിൽ പൂജ്യത്തിനു പുറത്തായത് മൂന്നാം മത്സരത്തിലും ആവർത്തിക്കാൻ പാടില്ല എന്ന വാശിയോടെയാണ് സഞ്ജു സാംസൺ ക്രീസിലേക്കെത്തിയത്. ആ ദൃഢനിശ്ചയം സഞ്ജുവിന്റെ ഓരോ ഷോട്ടിലും ഉണ്ടായിരുന്നു. പതിഞ്ഞ താളത്തിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 2 ഓവറിനു ശേഷം ഗതി മാറ്റി. പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് സ്‌കോർ ചെയ്തു. നഷ്ടമായ വിക്കറ്റ് അഭിഷേക് ശർമ്മയുടേതായിരുന്നു. 18 പന്തിൽ 36 റൺസെടുത്തു പുറത്തായ അഭിഷേക് ശർമ്മയുടെ വിക്കറ്റ് മാത്രമാണ് ഈ കളിയിൽ ഇന്ത്യക്കു നഷ്ടമായത്. പകരം വന്ന തിലക് വർമ്മയും സഞ്ജു സാംസണും ചേർന്ന് ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കയുടെ മേൽ പാണ്ടി മേളവും പഞ്ചാരി മേളവും മാറി മാറി കളിച്ചു. തൃശ്ശൂർ പൂരം വെടിക്കെട്ടു പോലെ രണ്ടു പേരും സെഞ്ച്വറി നേടി. ഇന്ത്യയുടെ ഇന്നിങ്ങ്സ് അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസാണ് ഇന്ത്യ നേടിയത്. 56 പന്തിൽ 109 റൺസ് നേടിയ സഞ്ജു സാംസൺ തന്റെ ട്വന്റി 20 കരിയറിലെ മൂന്നാമത്തെയും ഈ പരമ്പരയിലെ രണ്ടാമത്തെയും സെഞ്ച്വറി നേടി. ഇതോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി സഞ്ജു മാറി. മാത്രമല്ല ഈ വര്ഷം ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായും സഞ്ജു സാംസൺ മാറി. 47 പന്തിൽ 120 റൺസ് നേടി വെടിക്കെട്ട് നടത്തിയ തിലക് വർമ്മ തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും സെഞ്ച്വറി നേടി. തിലകിന്റെയും സഞ്ജുവിന്റേയും 210 റൺസ് കൂട്ടുകെട്ട് ട്വന്റി 20യിൽ ഇന്ത്യൻ റെക്കോഡാണ്. അതി ഗംഭിരമായിരുന്നു സഞ്ജുവിന്റേയും തിലകിന്റെയും ഇന്നിങ്ങ്സുകൾ.
284 എന്നി വമ്പൻ ലക്ഷ്യം ഉന്നം വെച്ച് ബാറ്റിങ്ങിന് വന്ന ദക്ഷിണാഫ്രിക്കയ്ക്ക് താങ്ങാവുന്നതിനും മുകളിൽ ആയിരുന്നു റൺസിന്റെ സമ്മർദം. ആദ്യ ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് നഷ്ടമായി. തുടർച്ചയായ നാലാം മത്സരത്തിലും ആർഷ്ദീപ് സിങ്ങ് ഇന്ത്യക്ക് മുൻതൂക്കം നൽകി. മൂന്നാം ഓവർ കഴിഞ്ഞപ്പഴേക്കും 10 റൺസിന് നാലു വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞിരുന്നു. ആ തിരിച്ചടിയിൽ നിന്ന് ദക്ഷിണാഫ്രിക്ക തിരിച്ചുവന്നില്ല . ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്ബ്സും മാർകോ യാൻസനും പൊരുതാൻ ശ്രമിച്ചെങ്കിലും 18.2 ഓവറിൽ 148 റൺസിന് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി ഇന്ത്യ മത്സരവും പരമ്പരയും വിജയിച്ചു. ദക്ഷിണാഫ്രിക്കൻ തോൽവി 135 റൺസിന്. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ തിലക് വർമയായിരുന്നു മത്സരത്തിലെയും പരമ്പരയിലെയും താരം.
ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പര അവസാനിക്കുന്നത് ലോകചാമ്പ്യന്മാരായ ഇന്ത്യയുടെ മേധാവിത്വം അരക്കിട്ടുറപ്പിച്ചുകൊണ്ടാണ് . ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണെന്നും മുതിർന്ന താരങ്ങളുടെ വിരമിക്കൽ, സൂപ്പർ താരം ബുമ്രയുടെ അഭാവം എന്നിവ ടീമിനെ ബാധിച്ചില്ലെന്നും പരമ്പര തെളിയിച്ചു. സഞ്ജു സാംസൺ, തിലക് വർമ്മ, വരുൺ ചക്രവർത്തി എന്നി താരങ്ങൾ ടീമിൽ തങ്ങളുടെ സ്ഥാനം നിർണായകമാണ് എന്ന് തെളിയിക്കുകയും ചെയ്തു.