29 C
Trivandrum
Friday, October 24, 2025

ടെലഗ്രാം പൂര്‍ണ്ണ തോതില്‍ വീഡിയോ പ്ലാറ്റ്ഫോമായി മാറുന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

പാരിസ്: ടെലഗ്രാം ഒരു വീഡിയോ പ്ലാറ്റ്ഫോമായി മാറുന്നതിന്റെ ആദ്യ ചുവടുവെച്ചതായി ടെലഗ്രാം സ്ഥാപകനും മേധാവിയുമായ പാവെല്‍ ദുരോവ് പ്രഖ്യാപിച്ചു. പുതിയ അപ്ഡേറ്റിലൂടെ ടെലഗ്രാമില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ സുഗമമായ സ്ട്രീമിങിന് അനുയോജ്യമായ വിധത്തില്‍ വിവിധ ക്വാളിറ്റി ഓപ്ഷനുകളില്‍ ലഭ്യമാക്കും. ഇതിനായി അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ടെലഗ്രാം ആവശ്യാനുസരണം കംപ്രസ് ചെയ്യും.

നേരത്തെ തന്നെ ടെലഗ്രാം വീഡിയോകള്‍ പങ്കുവെക്കാനാവുന്ന പ്ലാറ്റ്ഫോം ആണെങ്കിലും ഉപഭോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന അതേ ഫോര്‍മാറ്റിലാണ് അവ പ്രദര്‍ശിപ്പിച്ചിരുന്നത്. പലപ്പോഴും ഗിഗാബൈറ്റുകള്‍ വരുന്ന വീഡിയോ ഫയലുകള്‍ ഉപഭോക്താവിന് ഡൗണ്‍ലോഡ് ചെയ്യേണ്ടതായി വന്നിരുന്നു.

ഇപ്പോഴത്തെ മാറ്റത്തോടെ ഓരോരുത്തരുടെയും കണക്ഷന്‍ സ്പീഡിന് അനുസരിച്ച് സുഗമമായി വീഡിയോ സ്ട്രീം ചെയ്യുന്നതിന് അനുയോജ്യമായ ക്വാളിറ്റി ടെലഗ്രാം തന്നെ ഓട്ടോമാറ്റിക് ആയി തിരഞ്ഞെടുക്കും. മീഡിയം, ഹൈ, ഫുള്‍ എച്ച്ഡി ക്വാളിറ്റി ഉപഭോക്താവിന്റെ ഇഷ്ടാനുസരണം സ്വന്തമായി തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാവും.

പ്ലേ ബാക്ക് വേഗം ക്രമീകരിക്കുന്നതിനുള്ള പുതിയ ജെസ്റ്റര്‍ കണ്‍ട്രോളും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ പ്ലെയറിന്റെ വലത് ഭാഗത്ത് വിരല്‍ ഹോള്‍ഡ് ചെയ്ത് വെച്ചാല്‍ പ്ലേബാക്ക് വേഗം 1.5 മടങ്ങ് ആയി വര്‍ധിക്കും. തുടര്‍ന്ന് വലത്തോട്ട് വിരല്‍ സ്ലൈഡ് ചെയ്യുന്നതിനനുസരിച്ച് 2.5 മടങ്ങ് വരെ വേഗം വര്‍ധിപ്പിക്കാം. വിരല്‍ സ്‌ക്രീനില്‍ നിന്നെടുത്താല്‍ പ്ലേബാക്ക് വേഗം സാധാരണ നിലയിലേക്ക് തിരിച്ചുവരും.

ഒരു ടെക്സ്റ്റ് സന്ദേശത്തിനൊപ്പം മീഡിയാ ഫയല്‍ അയക്കാന്‍ മറന്നുപോയാല്‍. പിന്നീട് ആ സന്ദേശം എഡിറ്റ് ചെയ്ത് മീഡിയാ ഫയല്‍ അറ്റാച്ച് ചെയ്ത് ഒപ്പം അയക്കാനുള്ള സൗകര്യം, സന്ദേശം എഡിറ്റ് ചെയ്ത സമയം ഉള്‍പ്പടെ വിവിധ പുതിയ ഫീച്ചറുകളും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks