തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേരളത്തിന് കൂടുതൽ സാമ്പത്തികസഹായം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ചുകൊണ്ട് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കത്തുനൽകി.
Follow the FOURTH PILLAR LIVE channel on WhatsApp
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തു നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേരളത്തിന്റെ സഹായാഭ്യർത്ഥന പൂർണ്ണമായും നിരാകരിച്ചത്. കേരളത്തിന്റെ കൈയിൽ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കരസേനയെ വിന്യസിച്ചതും രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ എത്തിച്ചതുമടക്കം ചെയ്ത ചെറിയ കാര്യങ്ങൾ വരെ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. കേരളത്തിനോടുള്ള കേന്ദ്ര സർക്കാരിന്റെ ശത്രുതാപരമായ നിലപാടിന്റെ ഭാഗമാണിതെന്നു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കാണെന്നാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നിലപാട്. സംസ്ഥാന സർക്കാരുകളെ സഹായിക്കുക മാത്രമാണ് കേന്ദ്രത്തിന്റെ ചുമതല. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉൾപ്പെടെ നേരത്തേ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള 12 തരം ദുരന്തങ്ങളിലേതെങ്കിലും ഉണ്ടാവുന്ന പക്ഷം ബാധിക്കപ്പെട്ടവർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സാമ്പത്തിക സഹായം അനുവദിക്കണം.
കൂടുതൽ നാശനഷ്ടങ്ങളുണ്ടായ ദുരന്തമാണെങ്കിൽ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനായി കേന്ദ്ര സംഘത്തിന്റെ സന്ദർശനവും പരിശോധനയുമുൾപ്പെടെയുള്ള കാര്യങ്ങളുണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ള മാനദണ്ഡപ്രകാരം ഒരു പ്രകൃതി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കത്തിൽ വ്യക്തമാക്കി.
2024-25 സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര വിഹിതമായ 291.20 കോടിയും സംസ്ഥാന വിഹിതമായ 96.80 കോടിയുമടക്കം 388 കോടി രൂപ കേരളത്തിന്റെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ വകയിരുത്തിയിട്ടുണ്ട്. ഇതിൽ കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡുവായ 145.60 കോടി രൂപ ജൂലൈ 31ന് അനുവദിച്ചു. രണ്ടാം ഗഡുവായി 145.60 കോടി രൂപ ഒക്ടോബർ ഒന്നിനും അനുവദിച്ചു.
ഇതിനു പുറമെ സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണ നിധിയിൽ 2024 ഏപ്രിൽ ഒന്നിലെ കണക്കുപ്രകാരം 394.99 കോടി രൂപയുടെ നീക്കിയിരിപ്പുള്ളതായി അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം കേരളത്തിന്റെ കൈവശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ചൂണ്ടിക്കാട്ടി.
വയനാട് ഉരുൾപൊട്ടലുണ്ടായ വേളയിൽ കേരള ഗവർണർ, മുഖ്യമന്ത്രി എന്നിവർക്കൊപ്പം ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തിയിരുന്നു. കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ കേരള സർക്കാരിലെ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ അദ്ദേഹം ചർച്ച ചെയ്യുകയുണ്ടായി.
ദേശീയ ദുരന്ത നിവാരണ സേനയുടെ ഡയറക്ടർ ജനറലും ദുരിതബാധിത പ്രദേശങ്ങളിൽ 2024 ഓഗസ്റ്റ് ഏഴിനും പത്തിനുമിടയിൽ സന്ദർശനം നടത്തി. ഇതേത്തുതർന്ന് തിരച്ചിലിനും രക്ഷാദൗത്യത്തിനുമായി ദുരന്തനിവാരണ സേനയുടെ നാലു ടീം, തീരദേശ സംരക്ഷണ സേനയുടെ മൂന്നു ടീം എന്നിവയെ ആവശ്യമായ ഉപകരണങ്ങൾ സഹിതം അവിടെ വിന്യസിച്ചു.
കരസേനയുടെ 14 യൂണിറ്റുകൾ, രണ്ട് നാവിക സേന ഹെലികോപ്റ്ററുകൾ, നാലു വ്യോമസേനാ ഹെലികോപ്റ്ററുകൾ എന്നിവയും എത്തിച്ചു. ദുരന്ത നിവാരണ സേന സംഭവസ്ഥലത്തുനിന്ന് 30 പേരെ രക്ഷപ്പെടുത്തുകയും 520 പേരെ മാറ്റിപ്പാർപ്പിക്കുകയും 11 കന്നുകാലികളെ രക്ഷിക്കുകയും ഓഗസ്റ്റ് 11 വരെ 112 മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
ഇതിനു പുറമെ സംസ്ഥാനത്തിന്റെ മെമോറാണ്ടം കിട്ടുന്നതിനു മുമ്പു തന്നെ ഓഗസ്റ്റ് രണ്ടിന് കേന്ദ്ര സംഘത്തിന് രൂപം നല്കുകയും അവർ ഓഗസ്റ്റ് എട്ടു മുതൽ പത്തു വരെ സംഭവസ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. അവർ നല്കിയ റിപ്പോർട്ട് പ്രകാരം ആവശ്യമായ നടപടികളെല്ലാം കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിത്യാനന്ദ് വ്യക്തമാക്കി.
സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള സാമ്പത്തിക സഹായം നഷ്ടപരിഹാരമില്ല മറിച്ച് ദുരിതാശ്വാസം മാത്രമാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ വയനാട്ടിലെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുള്ള തുക മുഴുവൻ കേരള സർക്കാർ സ്വന്തം നിലയ്ക്ക് ഏതെങ്കിലും മാർഗ്ഗത്തിലൂടെ കണ്ടെത്തേണ്ട അവസ്ഥയാണ്. ആന്ധ്ര പ്രദേശ്, ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾ ആവശ്യപ്പെടാതെ തന്നെ ആയിരക്കണക്കിന് കോടി രൂപ കേന്ദ്ര സഹായമായി അനുവദിക്കുമ്പോഴാണ് കേരളത്തോടുള്ള ഈ നിഷേധാത്മക നിലപാട്.
കേന്ദ്രത്തിനു കത്തു നല്കയതിനു പുറമെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തിയപ്പോഴും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു. വയനാട് ദുരന്തത്തിൽ കേരളത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി കേരളം ഒറ്റയ്ക്കല്ല, കേന്ദ്രം ഒപ്പമുണ്ടെന്നും പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ നിവേദനം ലഭിച്ചാലുടൻ ആവശ്യമായ സഹായങ്ങൾ ചെയ്യും. പണത്തിന് യാതൊരു തടസങ്ങളും ഉണ്ടാകില്ലെന്നും അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. അതെല്ലാം വെറുംവാക്കായിരുന്നുവെന്നാണ് ഇപ്പോഴത്തെ കേന്ദ്ര നിലപാട് വ്യക്തമാക്കുന്നത്.