പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ഡോ.പി.സരിനു വേണ്ടി പ്രചാരണം നടത്താന്‍ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ എത്തുന്നു. ജയരാജന്റേത് എന്ന പേരില്‍ പുറത്തുവന്ന ആത്മകഥയില്‍ സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് അദ്ദേഹത്തിന് എതിര്‍പ്പുണ്ടെന്ന വാര്‍ത്തകള്‍ വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് പ്രചാരണപരിപാടി ശ്രദ്ധേയമാകുന്നത്.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് ജയരാജന്‍ പ്രസംഗിക്കുക. സരിനും യോഗത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടാവും എന്നാണ് സൂചന.
സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി.വി. അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്ന് ഇ.പി. ആത്മകഥയില്‍ പറഞ്ഞുവെന്ന പേരിലായിരുന്നു വിവാദം. കോണ്‍ഗ്രസ് വിട്ടെത്തിയ സരിന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പാലക്കാട്ട് പോരാട്ടത്തിനിറങ്ങിയതിലുള്ള ജയരാജന്റെ എതിര്‍പ്പായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും ജയരാജന്‍ ആത്മകഥയില്‍ എഴുതിയെന്നായിരുന്നു വാര്‍ത്ത.
ആത്മകഥ എന്ന പേരില്‍ പുറത്തുവന്നത് വ്യാജസൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഇ.പി. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കിയിട്ടുണ്ട്. തന്റെ അനുമതിയോ അംഗീകാരമോ ഇല്ലാതെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള നടപടി സ്വീകരിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്ത ഡി.സി. ബുക്‌സ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഇ.പി. വക്കീല്‍ നോട്ടീസയച്ചിട്ടുമുണ്ട്.