കോട്ടയം: സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥാ ഭാഗങ്ങള്‍ ഡി.സി. ബുക്‌സ് പുറത്തുവിട്ടു. ചേലക്കരയിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് നടക്കുന്ന ദിവസം പുറത്തുവന്ന പുസ്തക ഭാഗങ്ങള്‍ വിവാദമായതോടെ അതിനെ പൂര്‍ണമായി തള്ളി ജയരാജന്‍ രംഗത്തുവന്നു. തുടര്‍ന്ന് പുസ്തകവില്പന നീട്ടിവെയ്ക്കുന്നതായി ഡി.സി. ബുക്‌സ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
‘കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു എന്നാണ് ഡി.സി. അറിയിച്ചത്. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ആത്മകഥയില്‍ പറയുന്നതായി വിവരം പുറത്തുവന്നു.
ആത്മകഥയിലേതായി പുറത്തുവന്ന വിവരങ്ങള്‍ ജയരാജന്‍ പൂര്‍ണമായും തള്ളി. ഡി.സിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. കട്ടന്‍ചായയും പരിപ്പുവടയും എന്നാണ് തലക്കെട്ടെന്ന് പറയുന്നു. ഞാന്‍ ആത്മകഥയ്ക്ക് അങ്ങനെയൊരു പേരിടുമോ?
മാതൃഭൂമിയും ഡി.സി. ബുക്‌സും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചോദിച്ചിരുന്നു. ആലോചിച്ചിട്ട് പറയാം എന്നാണ് ഇവരോട് പറഞ്ഞത്. രാവിലെ പുറത്തുവന്ന കവര്‍ ഞാന്‍ ഇന്ന് ആദ്യമായി കാണുകയാണ്. പുസ്തകം എഴുതി പൂര്‍ത്തീകരിച്ചിട്ടില്ല. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള പരാമര്‍ശം ബോധപൂര്‍വം സൃഷ്ടിച്ചതാണ്.
ഡി.സി. ബുക്‌സിന്റെ സൈറ്റില്‍ പുസ്തകത്തെപ്പറ്റിയുള്ള കാര്യം എങ്ങനെ വന്നു എന്ന് അറിയില്ല. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഡി.സി.യുമായി ഒരു കരാറുമില്ല. ആരാണ് ഇവരെ ചുമതലപ്പെടുത്തിയത്? ഇവര്‍ക്ക് എങ്ങനെ കോപ്പി ലഭിച്ചു? ഡി.സി. എങ്ങിനെയാണ് കൊടുത്തത് എന്ന് അറിയില്ല. ഞാന്‍ അവരുമായി ബന്ധപ്പെട്ടപ്പോള്‍ അന്വേഷിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. കൃത്യമായ മറുപടി അവര്‍ തന്നില്ല -ജയരാജന്‍ പറഞ്ഞു.
ഇതേത്തുടര്‍ന്നാണ് പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചതായി ഡി.സി. ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണ്.’ കുറിപ്പ് പറഞ്ഞു. പുസ്തകം ഇന്ന് മുതല്‍ വിറ്റഴിക്കണമെന്ന് സ്റ്റോറുകള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശവും ഡി.സി. ബുക്‌സ് പിന്‍വലിച്ചു.