ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ശിക്ഷാ നടപടിയെന്ന രീതിയില്‍ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ക്കുന്ന ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീം കോടതി. കേസുകളില്‍ പ്രതിയാക്കപ്പെടുന്നവരുടെ സ്വത്തുകള്‍ ഇടിച്ചുനിരത്തുന്നതിന് സര്‍ക്കാരുകള്‍ക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി ഉത്തരവ്. സര്‍ക്കാരിനും ബന്ധപ്പെട്ട അതോറിറ്റിക്കും ജുഡീഷ്യറിക്ക് പകരമാകാനാവില്ലെന്നും നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുന്നതിനു മുമ്പ് ആരെയും അങ്ങനെ കാണുന്നത് അനുവദിക്കാനാകില്ലെന്നും ജഡ്ജിമാരായ ബി.ആര്‍.ഗവായി, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കുറ്റാരോപിതര്‍ക്കെതിരായ പ്രതികാര നടപടിയുമായി ഭാഗമായി ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ‘ബുള്‍ഡോസര്‍ നീതി’ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവും സുപ്രീം കോടതി ഉയര്‍ത്തി. കേസുകളിലെ സത്യവസ്ഥ സംബന്ധിച്ച വിധി കല്പിക്കേണ്ടത് കോടതികളാണെന്നും അവരുടെ ജോലി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ ബെഞ്ച്, ബുള്‍ഡോസര്‍ നടപടികളുടെ കാര്യത്തില്‍ കര്‍ശന മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നു പിഴയീടാക്കുമെന്നും കോടതി വ്യക്തമാക്കി.
നിയമവും നടപടിക്രമവും പാലിക്കാതെ വീടോ വസ്തുവകകളോ ഇടിച്ചുനിരത്തിയാല്‍ നഷ്ടപരിഹാരത്തിന് കുടുംബത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നും നിയമവിരുദ്ധ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമ നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു. വീടെന്ന സുരക്ഷിതത്വം മൗലികാവകാശമാണ്. അതു ഹനിക്കാന്‍ കഴിയില്ല. മറ്റ് അനധികൃത നിര്‍മാണങ്ങള്‍ തൊട്ടടുത്തുണ്ടെങ്കിലും തിരഞ്ഞുപിടിച്ചു വീടുകള്‍ പൊളിക്കുന്ന രീതി സര്‍ക്കാരുകള്‍ക്കുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
ഏതെങ്കിലും കുറ്റകൃത്യത്തില്‍ പ്രതിയായി എന്നതുകൊണ്ട് ഒരാളുടെ വീട് ഇടിച്ചുനിരത്താന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. ഹീനമായ കുറ്റകൃത്യത്തിലെ പ്രതിയായാല്‍ പോലും ശരിയായ നിയമവും ചട്ടവും പാലിക്കാതെയുള്ള വീട് ഇടിച്ചുനിരത്തല്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.