തിരുവനന്തപുരം: നഗരമധ്യത്തില്‍ വെള്ളയമ്പലം മാനവീയം വീഥിക്കു സമീപം യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിയിലായി. വെമ്പായം സ്വദേശികളായ ഷിഹാസ്, സുഹൈല്‍, അര്‍ഫാജ്, രഞ്ജിത്ത് എന്നിവരാണ് മ്യൂസിയം പൊലീസിന്റെ പടിയിലായത്.
Follow the FOURTH PILLAR LIVE channel on WhatsApp
കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസിന്റെ റൗഡി ലിസ്റ്റില്‍ പെട്ട വെമ്പായം സ്വദേശി ഷിജിത്തിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. ലഹരി വില്‍പ്പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വധശ്രമത്തിന് പിന്നിലെന്ന് മ്യൂസിയം പൊലിസ് പറഞ്ഞു.
കുത്തേറ്റ ഷിജിത്തും ഇയാളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ഷിഹാസും ലഹരി വില്‍പന സംഘാംഗങ്ങളാണ്. മുമ്പ് ലഹരികേസില്‍ ഷിഹാസ് വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായിരുന്നു. പൊലീസിന് ഷിഹാസിനെ ഒറ്റു കൊടുത്തത് ഷിജിത്താണെന്ന് ധരിച്ചാണ് ഇവര്‍ കൊലപാതകത്തിന് പദ്ധതിയിട്ടത്.
ഇരുവരുടെയുംസുഹൃത്തായ സ്‌നേഹയാണ് മാനവീയം വീഥിയിലെത്തിയ ഷിജിത്തിനെ വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലേക്ക് വിളിച്ചു കൊണ്ടു വന്നത്. ഇവിടെ കാറിലെത്തിയ ഷിയാസും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഷിജിത്തിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഇതേ കാറില്‍ സ്‌നേഹ ഉള്‍പ്പടെയുള്ള പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
കാര്‍ വട്ടപ്പാറയില്‍ പനയറകോണത്ത് ഉപേക്ഷിച്ച് അവിടെ നിന്ന് സുഹൃത്തുക്കളുടെ വാഹനങ്ങളില്‍ പ്രതികള്‍ കോയമ്പത്തൂരിലേക്ക് കടന്നുകളഞ്ഞു. പത്തനംതിട്ടയിലെ വീട്ടില്‍ തിരിച്ചെത്തിയ സ്‌നേഹ അനില്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു.
പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ആര്‍.രാഹുല്‍, മുഹമ്മദ് ഫര്‍ഹാന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മ്യൂസിയം പൊലീസ് എസ്.എച്ച്.ഒ. എസ്.വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.