ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാര്‍ഗരേഖ സുപ്രീംകോടതി പുറത്തിറക്കി. അതേസമയം പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ അലിഗഢ് മുസ്ലിം സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
ഇപ്പോള്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ അലിഗഢ് മുസ്ലിം സര്‍വ്വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതുപ്രകാരം രാജ്യത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അര്‍ഹത പരിശോധിക്കേണ്ടി വരും.
1967ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ്.അസീസ് ബാഷ കേസില്‍ പുറപ്പെടുവിച്ച വിധിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ച് റദ്ദാക്കിയത്. ബെഞ്ചിന്റേത് ഭൂരിപക്ഷ വിധിയാണ്. ഏഴംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് എഴുതിയ വിധിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി.പര്‍ദിവാല, മനാജ് മിശ്ര എന്നിവര്‍ പിന്തുണച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കര്‍ ദത്ത, എസ്.സി.ശര്‍മ്മ എന്നിവര്‍ ഭിന്നവിധി എഴുതി.
ഒരു വിദ്യാഭ്യാസ സ്ഥാപനം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ഥാപിച്ച് ഭരണം നടത്തുകയാണെങ്കില്‍ മാത്രമേ അവര്‍ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ സാധിക്കുകയുള്ളു എന്നാണ് 1967ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായതിനാല്‍ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയ്ക്കു ന്യൂനപക്ഷ പദവി അവകാശപ്പെടാനാകില്ലെന്നായിരുന്നു വിധി. ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നത്.
അന്‍ജുമാന്‍ ഇ.റഹ്‌മാനിയ കേസില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 1967ലെ അഞ്ച് അംഗ ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് അസീസ് ബാഷ കേസിലെ വിധി പുനഃപരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് 1981 നവംബര്‍ 26ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിട്ടു. 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വിഷയം സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് പരിഗണിച്ച് വിധി പ്രസ്താവിച്ചത്.