29 C
Trivandrum
Tuesday, March 25, 2025

പീഡനക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിക്ക് പൊലീസിന്റെ ക്ലീന്‍ചിറ്റ്. നിവിന്‍ പോളിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകല്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൃത്യം ചെയ്തു എന്ന് അതിജീവിത തന്റെ മൊഴികളില്‍ ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിന്‍ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് കേസിലെ ആറാം പ്രതിയായ നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുന്നെന്നാണു റിപ്പോര്‍ട്ടിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ ഡി.വൈ.എസ്.പി. ടി.എം.വര്‍ഗീസാണ് റിപ്പാര്‍ട്ട് നല്‍കിയത്.

സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ ആറു പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന കോതമംഗലം സ്വദേശിനിയായ യുവതി പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ആറാം പ്രതിയായിരുന്നു നിവിന്‍ പോളി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലിന്റെ ഭാഗമായായിരുന്നു യുവതിയുടെയും ആരോപണം.

2023 ഡിസംബര്‍ 14, 15 തീയതികളില്‍ ദുബായില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരുന്നത്.

എന്നാല്‍ യുവതി പറയുന്ന ദിവസങ്ങളില്‍ നിവിന്‍ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്നാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. യുവതി പരാതിയുമായി വന്നതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തി. വാര്‍ത്ത പുറത്തുവന്ന രാത്രി തന്നെ നിവിന്‍ പോളി വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks