Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിനെ സിനിമാ നിര്‍മാതാക്കളുടെ സംഘടന കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നു പുറത്താക്കി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ അംഗങ്ങളെ മോശക്കാരാക്കിയെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
കൊച്ചി: നിര്‍മ്മാാതാക്കളുടെ സംഘടനയില്‍നിന്ന് പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ നല്‍കിയ കേസുമായി മുന്നോട്ടുപോകുമെന്നും എത്ര മൂടിവെച്ചാലും സത്യം പുറത്തുവരുകതന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
താന്‍ ആര്‍ക്കെതിരെയാണോ കേസ് കൊടുത്തത് അവരും സിനിമയിലെ പവര്‍ ഗ്രൂപ്പും ചേര്‍ന്നാണ് തന്നെ പുറത്താക്കിയത്. ഇതുപോലൊരു പ്രശ്നം ഇനിയുണ്ടാകരുത് എന്ന് കരുതിയാണ്, മറ്റ് സ്ത്രീകളുടെ കൂടെ നിന്ന് പോരാടാന്‍ തീരുമാനിച്ചത്. കേസുമായി മുന്നോട്ട് വരുന്ന പല സ്ത്രീകളും ഇതേ അവസ്ഥയിലൂടെ കടന്നുപോകും എന്നുറപ്പാണെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.
സാന്ദ്രയ്‌ക്കെതിരെ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്. അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര നല്‍കിയത് വ്യാജ കേസെന്നും ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
സംഘടനയിലെ ചില അംഗങ്ങള്‍ വ്യക്തിപരമായി അവഹേളിച്ചതില്‍ നടപടി ആവശ്യപ്പെട്ട് സംഘടനക്ക് സാന്ദ്ര പരാതി നല്‍കിയിരുന്നു. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചുവെന്നതടക്കമുള്ള കാര്യങ്ങളാണ് ഇതില്‍ ചൂണ്ടിക്കാട്ടിയത്.
നടപടികളുണ്ടാകാത്തതിനെത്തുടര്‍ന്ന് സംഘടനയെ വിമര്‍ശിച്ച് കത്തയച്ചു. ഇത് പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തായി. നിര്‍മ്മാാണമേഖല സ്ത്രീവിരുദ്ധമാണെന്നും സംഘടനയില്‍ പവര്‍ ഗ്രൂപ് ശക്തമാണെന്നുമടക്കമുള്ള കാര്യങ്ങള്‍ സാന്ദ്ര ആരോപിക്കുകയുണ്ടായി. സാന്ദ്രയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു.