Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: ഇടഞ്ഞുനില്‍ക്കുന്ന ബി.ജെ.പി. സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യരെ അനുനയിപ്പിക്കാനുള്ള പാര്‍ട്ടി നേതാക്കളുടെ ശ്രമം പാളി. ബി.ജെ.പി. നേതാവ് പി.ആര്‍.ശിവശങ്കറും ആര്‍.എസ്.എസ്. വിശേഷ് സമ്പര്‍ക്ക പ്രമുഖ് എ.ജയകുമാറും സന്ദീപിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയെങ്കിലും തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്ക്കുകയാണ്.
താന്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റേണ്ട സാഹചര്യമൊന്നും ഉണ്ടായിട്ടില്ലെന്ന് സന്ദീപ് വാര്യര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നേതാക്കള്‍ വീട്ടില്‍ വന്ന് കണ്ടത് ചര്‍ച്ചയായി വ്യാഖ്യാനിക്കേണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അതേസമയം, താന്‍ എവിടെയും പോയിട്ടില്ലെന്നും ബി.ജെ.പിയില്‍ തന്നെയുണ്ടെന്നും സന്ദീപ് വ്യക്തമാക്കി.
ഇന്ന് കൂടുതലൊന്നും പറയാനില്ല. പറയാനുള്ളത് പറഞ്ഞുകഴിഞ്ഞതാണ്. എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അറിയിക്കും. എന്താണോ പറഞ്ഞത്, അത് മാറ്റേണ്ട സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ നടന്നത് ചര്‍ച്ചയായിട്ടൊന്നും വ്യാഖ്യാനിക്കേണ്ട. എന്റെ ഗുരുതുല്യനായ വ്യക്തി സ്നേഹംകൊണ്ട് വന്നതാണ്. അദ്ദേഹം സംസാരിച്ചു. എനിക്ക് പറയാനുള്ളത് പറഞ്ഞു, അദ്ദേഹം കേട്ടു. അതിലപ്പുറമൊന്നുമില്ല -സന്ദീപ് പറഞ്ഞു.