ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടുവിന് പ്രതിഷേധസൂചകമായി മലയാളത്തില്‍ കത്തയച്ച് രാജ്യസഭംഗം ജോണ്‍ ബ്രിട്ടാസ്. പാര്‍ലമെന്റില്‍ ഹിന്ദിയില്‍മാത്രം മറുപടി നല്‍കുന്നതിനാല്‍ പ്രതിഷേധിച്ചാണിത്. ഹിന്ദിയില്‍ കത്തെഴുതിയ ബിട്ടുവിന് തമിഴില്‍ മറുപടി നല്‍കി ഡി.എം.കെ. നേതാവും രാജ്യസഭാ എം.പിയുമായ എം.എം.അബ്ദുള്ള നേരത്തേ പ്രതിഷേധിച്ചിരുന്നു.

കേരളപ്പിറവിദിനത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളത്തിന്റെ ഭാഷാപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ച ബ്രിട്ടാസിന്റെ കത്ത്. ഹിന്ദിയില്‍ മാത്രമുള്ള മറുപടി മനഃപൂര്‍വമാണെന്നും അതിനാലാണ് മലയാളത്തില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാകുന്നതെന്നും കത്തില്‍ പറയുന്നു. തനിക്കുനേരേ മാത്രമല്ല ഈ നിലപാടുണ്ടാകുന്നത്. തെക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇതര എം.പിമാരും ഇതേ അനുഭവം നേരിടുന്നുവെന്നും വിശദീകരിച്ചു.

ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍ക്കുള്ള മന്ത്രി രവ്നീത് സിങ് ബിട്ടുവിന്റെ പ്രതികരണങ്ങള്‍ ഹിന്ദിയിലായിരുന്നു. ഹിന്ദിയില്‍മാത്രം മറുപടിയെന്ന നിലപാട് മറ്റു ഭാഷകളിലെ എം.പിമാര്‍ക്ക് പാര്‍ലമെന്ററി നടപടികളിലുള്ള പങ്കാളിത്തത്തെ ദോഷമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനും കത്തയച്ചു.