29 C
Trivandrum
Monday, January 13, 2025

പൂരനഗരിയിലെ ആംബുലന്‍സ് യാത്ര: സുരേഷ് ഗോപിക്കെതിരെ കേസ്

തൃശ്ശൂര്‍: പൂരം വേദിയിലേക്ക് ആംബുലന്‍സില്‍ വന്നതിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ. നേതാവും അഭിഭാഷകനുമായ തൃശ്ശൂര്‍ പുല്ലഴി സ്വദേശി സുമേഷ് ഭാവദാസ് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

Follow the FOURTH PILLAR LIVE channel on WhatsApp 

ഐ.പി.സി. 279, 34 വകുപ്പുകള്‍, മോട്ടര്‍ വാഹന നിയമത്തിലെ 179, 184, 188, 192 വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുമതിയുള്ള ആംബുലന്‍സില്‍, മനുഷ്യനു ജീവഹാനി വരാന്‍ സാധ്യതയുള്ള വിധത്തില്‍ ജനത്തിരക്കിനിടയിലൂടെ ഓടിച്ചെന്നാണ് കേസ്.

എഫ്.ഐ.ആറില്‍ പറയുന്നത്: 20.04.2024ന് പുലര്‍ച്ചെ 3.00 മണിയോടെ തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപിയും മറ്റു പ്രതികളും പരസ്പരം ഉത്സാഹികളായി പ്രവര്‍ത്തിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കുന്നതിന് രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുമതിയുള്ള സേവാഭാരതി എന്ന സംഘടനയുടെ പേരിലുള്ള ആംബുലന്‍സില്‍, തൃശൂര്‍ പൂരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം നിലനില്‍ക്കെ ആയത് ലംഘിച്ച് തൃശൂര്‍ റൗണ്ടിലൂടെ ഓടിച്ച് വന്ന് മനുഷ്യ ജീവന് ഹാനിവരാന്‍ സാധ്യതയുള്ള വിധത്തില്‍ പൂര ദിവസം ജനത്തിരക്കിനിടയിലൂടെ ആംബുലന്‍സിന്റെ നിയമപരമായ ഉദ്ദേശ്യ ലക്ഷ്യത്തിന് വിരുദ്ധമായി സഞ്ചരിച്ച് വന്നു.

സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ട് പരാതികളാണുള്ളത്. ഇതില്‍ ഒരെണ്ണം പൊലീസും മറ്റൊന്ന് മോട്ടോര്‍ വാഹന വകുപ്പുമാണ് അന്വേഷിച്ചു വരുന്നത്. പൂരത്തിന് ആംബുലന്‍സില്‍ വന്ന കാര്യം ആദ്യം തള്ളിപ്പറഞ്ഞ സുരേഷ് ഗോപി പിന്നീട് ആംബുലന്‍സിലെത്തിയതായി സമ്മതിക്കുകയായിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks