കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് സുരേഷ് ഗോപിയെ ക്ഷണിക്കുന്നില്ലെന്നും ഇത് കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമോ എന്ന ഭയം മൂലമാണെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കായികമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് ‘ഒറ്റത്തന്ത’ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരെ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചത്.
‘കുട്ടികളുടെ തന്തയ്ക്ക് വിളിച്ചിട്ടുപോയാല്‍ അത് അംഗീകരിക്കാന്‍ പറ്റുമോ? അതുകൊണ്ട് സുരേഷ് ഗോപിയെ ക്ഷണിക്കുന്നില്ല. എന്തും വിളിച്ചുപറയുന്ന ആളാണ്. ആ ഭയം കൊണ്ടാണ് വിളിക്കാത്തത്. കേരളത്തിലെ ജനങ്ങളെ ആക്ഷേപിച്ച പരാമര്‍ശം പിന്‍വലിച്ചാല്‍ വിളിക്കും. ഐക്യകേരള രൂപീകരണത്തിനു ശേഷം ഒരുപാട് രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ‘ഒറ്റത്തന്ത’യ്ക്ക് വിളിക്കുന്നത് ആദ്യമായിട്ടാണ്’ -മാധ്യമങ്ങളോട് ശിവന്‍കുട്ടി പറഞ്ഞു.
ഒളിമ്പിക്‌സ് മാതൃകയില്‍ നടക്കുന്ന ആദ്യ കായികമേളയാണിത്. മുക്കിലും മൂലയിലും ചെന്ന് സഹായം വാഗ്ദാനം ചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന അദ്ദേഹം ഇതുവരെ ഒരു സഹായം പ്രഖ്യാപിക്കുകയോ വിളിക്കുകയോ പോലും ചെയ്തിട്ടില്ല. താനും സുരേഷ് ഗോപിയെ അങ്ങോട്ട് വിളിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.