പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോൺഗ്രസിനു പിന്നാലെ ബി.ജെ.പിയിലും പൊട്ടിത്തെറി. ബി.ജെ.പി. സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യരാണ് നേതൃത്വവുമായി ഉടക്കിയത്. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
തിങ്കളാഴ്ച നടന്ന എന്‍.ഡി.എ. കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ഇടഞ്ഞത്. അനുനയശ്രമങ്ങൾക്ക് അദ്ദേഹം വഴങ്ങിയിട്ടില്ല.
കണ്‍വെന്‍ഷനില്‍ അണികളോടൊപ്പം സദസ്സിലാണ് സന്ദീപ് ഇരുന്നത്. പാലക്കാട് ബി.ജെ.പി. സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറുമായും സന്ദീപ് വാര്യര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. മൂത്താന്തറയിലെ പ്രശ്‌നപരിഹാരത്തിന് സന്ദീപ് ഇടപെട്ടതും പാര്‍ട്ടിക്കുള്ളിലെ നീരസത്തിന് കാരണമായിട്ടുണ്ട്.
സന്ദീപ് വാര്യര്‍ വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയുടെ പ്രചരണത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ കൃഷ്ണകുമാറിന് വേണ്ടിയുള്ള പ്രചരണത്തില്‍ വലിയ രീതിയില്‍ സന്ദീപ് വാര്യര്‍ മുന്നിലുണ്ടായിരുന്നു. 1991ല്‍ പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സി.പി.എം. നേതാവും മുന്‍ ചെയര്‍മാനുമായിരുന്ന എം.എസ്.ഗോപാലകൃഷ്ണന്‍ അന്നത്തെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ടി.ചന്ദ്രശേഖരന് പിന്തുണ തേടി കത്തയച്ചതു പുറത്തുവിട്ടതടക്കം തന്ത്രങ്ങൾ ആസൂത്രണം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു.