29 C
Trivandrum
Tuesday, February 11, 2025

എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതുപരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ നടക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചത്. എസ്.എസ്.എല്‍.സി. പരീക്ഷകള്‍ രാവിലെയും ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഉച്ചയ്ക്കു ശേഷവുമാണ് നടക്കുക.

എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ 2025 ഫെബ്രുവരി 17 മുതല്‍21 വരെയുള്ള തീയതികളില്‍ നടത്തും. 2025 ജനുവരി 20 മുതല്‍ 30 വരെയുള്ള തീയതികളില്‍ എസ്.എസ്.എല്‍.സി. ഐ.റ്റി മോഡല്‍ പരീക്ഷയും 2025 ഫെബ്രുവരി 1 മുതല്‍ 14 വരെയുള്ള തീയതികളില്‍ ഐ.റ്റി പൊതു പരീക്ഷയും നടത്തും.

പത്താം തരത്തില്‍ മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 4,28,953 ആണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണം അറിയാനാവൂ. ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം 3,87,081ഉം രണ്ടാം വര്‍ഷം 3,84,030ഉം വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്.

കഴിഞ്ഞ തവണ കേരളത്തില്‍ 2,954ഉം ഗള്‍ഫ് മേഖലയില്‍ ഏഴും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്.ഇത്തവണയും ഏതാണ്ട് ഇതേ സംഖ്യ തന്നെയാണ് വരിക.

പത്താം ക്ലാസ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ 2025 ഏപ്രില്‍ എട്ടിന് ആരംഭിച്ച് 28ന് അവസാനിക്കും. 2025 മേയ് മൂന്നാം വാരത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പൊതുപരീക്ഷകള്‍ 2025 മാര്‍ച്ച് ആറ് മുതല്‍ 29 വരെയുള്ള ഒമ്പത് ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

2024ല്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിക്കൊപ്പം അതേ ടൈംടേബിളിലാണ്.

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ആദ്യം ആരംഭിക്കുന്നത്. അതിനുശേഷം രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടക്കുമെന്നും മന്ത്രി അറിയിച്ചു.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks