Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ.ഗീതയുടെ റിപ്പോര്‍ട്ടാണ് മന്ത്രി കെ.രാജന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്് കൈമാറിയത്.
എ.ഡി.എം. കൈക്കൂലി വാങ്ങിയെന്നും പമ്പിനു അനുമതി വൈകിപ്പിച്ചുവെന്നുമുള്ള ആക്ഷേപങ്ങള്‍ക്ക് ഒരു തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചേംബറിലെത്തി ‘തെറ്റുപറ്റി’യെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയന്റെ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. കളക്ടര്‍ ആദ്യം നല്‍കിയ വിശദീകരണക്കുറിപ്പില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ല.
ചോദ്യം ചോദിച്ച് ഉത്തരം പറയുന്ന രീതിയിലല്ല അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കളക്ടര്‍ക്ക് പറയാനുള്ളത് അദ്ദേഹം വിശദീകരണ കുറിപ്പായി എഴുതി നല്‍കുകയായിരുന്നു. ഈ വിശദീകരണ കുറിപ്പിലാണ് ‘തെറ്റുപറ്റി’ പരാമര്‍ശമുള്ളത്. എന്താണ് എ.ഡി.എം. ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ വ്യക്തത ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ തേടിയിട്ടുമില്ല, കളക്ടര്‍ നല്‍കിയിട്ടുമില്ലെന്നാണ് വിവരം. നവീന്‍ ബാബുവിന്റെ കുടുംബം ഉന്നയിച്ച ആരോപണം ഉള്‍പ്പെടെ എല്ലാം പരിശോധനയ്ക്ക് വിധേയമാകട്ടെ എന്നും ആവശ്യമെങ്കില്‍ പൊലീസ് അന്വേഷണം നടക്കട്ടെ എന്നുമാണ് കളക്ടര്‍ പറയുന്നത്.
എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നും അത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ചശേഷം ചീഫ് സെക്രട്ടറിക്ക് കൊടുത്തിട്ടുണ്ടെന്നും ഉടന്‍ അത് പരിശോധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി കെ.രാജന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.